മുഹമ്മ: നാളികേര ഉല്‍പ്പാദനം വര്‍ധിക്കാനുള്ള മരുന്ന് തെങ്ങിന് ഇടാന്‍ കൃഷിവകുപ്പില്‍ നിന്നും എത്തിയവരാണെന്ന് സ്വയം പരിചയപ്പെടുത്തി വീട്ടമ്മമാരെ കബിളിപ്പിച്ച് പണം തട്ടുന്ന സംഘം മണ്ണഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും വിലസുന്നു. ഒരാഴ്ചയിലേറയായി പൊന്നാട് ഭാഗത്തെ വീടുകളിലെത്തി വാഷിംഗ് പൗഡറിന് സമാനമായ പൊടി തെങ്ങിന്തടത്തില് വിതറിയാണ് സംഘം പണംവാങ്ങുന്നത്.
മുരടിച്ച് നില്ക്കുന്ന തെങ്ങില്‍ കൂടുതല്‍ നാളികേരം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി നീലനിറത്തിലുള്ള ഈ പൊടിക്കുണ്ടെന്നും ബ്ലോക്കില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് തങ്ങള്‍ എത്തിയിട്ടുള്ളതെന്നും രണ്ടംഗ സംഘം സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പരിചയപ്പെടുത്തുന്നു. 50 ഗ്രാം വീതമുള്ള അഞ്ചുകവറുകളിലെ പൊടികളാണ് ഓരോ തെങ്ങിന് ചുവട്ടിലും ഇവര്‍ വിതറുന്നത്. തെങ്ങ് ഒന്നിന് നൂറുരൂപ പ്രകാരമാണ് വാങ്ങുന്നത്. 10 മുതല്‍ 50 തെങ്ങുകള്‍ക്ക് വരെ ഓരോവീടുകളില്‍ നിന്നും ഇത്തരത്തില്‍ പൊടിയിട്ട് പണം വാങ്ങിയിട്ടുണ്ട്.
എന്നാല്‍ കവറിന്റെ മുകളില്‍ യാതൊരുവിധ ലേബലും അടയാളപ്പെടുത്തിയിട്ടില്ല. കൃഷിഭവനിലും ബ്ലോക്കിലും അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ ആരെയും മരുന്ന് ചെയ്യാനോ പണം വാങ്ങാനോ ചുമതലപ്പെടുത്തിയിട്ടില്ലായെന്നാണ് അധികൃതര്‍ പറഞ്ഞത്. വീടുകളിലെത്തി പണംവാങ്ങുന്ന സംഘത്തെ എവിടെയെങ്കിലും കണ്ടാല്‍ വിവരമറിയിക്കാന്‍ പോലീസും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: