ആലപ്പുഴ: കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആവശ്യമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. ചന്തിരൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മിച്ച ഹൈടെക് മള്‍ട്ടിമീഡിയ ഡിജിറ്റല്‍ എസി ക്ലാസ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍കലാമിന്റെ സ്മരണയ്ക്കായാണ് അത്യാധുനിക സൗകര്യങ്ങളുള്ള ക്ലാസ് റൂം സമര്‍പ്പിച്ചത്.
ഗവര്‍ണറായി സ്ഥാനമേറ്റ ഉടന്‍ വൈസ്ചാന്‍സിലര്‍മാരുടെ യോഗം വിളിച്ച് ചാന്‍സിലേഴ്സ് അവാര്‍ഡ് ഏര്‍പ്പെടുത്തി. 2015 ല്‍ കേരള യൂണിവേഴ്സിറ്റിയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. സര്‍ക്കാര്‍ ഇതിനായി അഞ്ച് കോടി രൂപ നീക്കിവച്ചു. സര്‍വകലാശാലകളിലെ പരാതികള്‍ക്ക് എളുപ്പം തീര്‍പ്പ് കല്പ്പിക്കാന് ഗവര്‍ണറുടെ ഓഫീസ് വഴി സംവിധാനം ഒരുക്കിയിട്ടുണ്ട്.’പൊതുവിദ്യാഭ്യാസസംവിധാനം ഉപയോഗിച്ച് പഠിച്ച് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്ത് എത്തിയ ആളാണ് ഞാന്‍. അതുകൊണ്ട് അവിടുത്തെ ഇല്ലായ്മകളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. ജനപ്രതിനിധികള്‍ കൂടുതല്‍ പണം പൊതുവിദ്യാലയങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഗവര്‍ണര്‍ പറഞ്ഞു. എ. എം. ആരിഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: