കൊല്ലം: ഹവാല പണവുമായി എത്തിയ യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി കൊണ്ടുപോയി ഇരുപതു ലക്ഷം രൂപ കവര്‍ന്ന ഏഴംഗ സംഘത്തിലെ മൂന്നുപേരെ സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം പൂന്തുറ അലുംകടവ് നജ്മ മന്‍സിലില്‍ റഫീഖ് (42), തിരുവല്ലം മധുപാലം കമ്മല്‍ കുട്ടന് എന്ന സജികുമാര്‍(32), മധുപാലം ചരുവിള പുത്തന്‍ വീട്ടില്‍ കുട്ടപ്പന് എന്ന ഷിബുവിന്റെ ഭാര്യ മഞ്ജുഷ(32) എന്നിവരാണ് പിടിയിലായത്. ഇവരുടെ സംഘാംഗങ്ങളായ മറ്റ് നാലുപേര്‍ക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കി.
ഒറ്റ മോഷണത്തില്‍ തന്നെ ലക്ഷങ്ങള്‍ കിട്ടുമെന്നതും നിയമാനുസൃതമായ പണമല്ലാത്തതിനാല്‍ പരാതിപ്പെടുകയില്ല എന്നതുമാണ് ഇത്തരത്തിലുള്ള മോഷണം നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
വിദേശത്തുള്ള ആളുകള്‍ വരെ കണ്ണിയായ ഇത്തരം ഇടപാടുകളില്‍ കള്ളപ്പണം നിയമാനുസൃതമാക്കുന്ന ക്രയവിക്രയത്തില്‍ വന്‍ മാഫിയസംഘമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്നും ചോര്‍ന്നുകിട്ടുന്ന വിവരങ്ങളില്‍ ക്യാരിയേഴ്സിനെ സ്ത്രീകളെ ഉപയോഗിച്ച് ട്രാപ് ചെയ്തു പണം തട്ടുന്നതാണ് ഇവരുടെ രീതി. സ്ത്രീകള്‍ കൂടി ഉള്‍പ്പെട്ട ഇത്തരം കവര്‍ച്ചകളില്‍ ഫോണ്‍കോള്‍ സ്വീകരിക്കുന്നതും മറുപടി പറയുന്നതും സ്ത്രീകളായിരിക്കും. അതിനാല്‍ ഇടപാടുകരന് യാതൊരു സംശയവും തോന്നില്ല.
അതിനുശേഷം ആള്‍പാര്‍പ്പ് കുറഞ്ഞ സ്ഥലത്തെത്തിച്ചശേഷം കവര്‍ച്ച നടത്തുന്നതാണ് രീതി. ഇത്തരത്തില്‍ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനും വീട് നിര്‍മാണത്തിനും ബിസിനസിനും ഉപയോഗിച്ച ഇവരുടെ പക്കല്‍ നിന്നു ഭൂരിഭാഗത്തോളം പണവും കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിനുപയോഗിച്ച രണ്ടു ആഡംബരകാറുകളും നിരവധി മൊബൈല്‍ഫോണുകളും സിംകാര്‍ഡുകളും ഇവരുടെ പക്കല്‍ നിന്നും പോലീസ് കണ്ടെത്തി.
വിദേശത്തു നല്കുന്ന പണം സര്‍വീസ് ചാര്‍ജോ മറ്റ് കുറവുകളോ ഇല്ലാതെ നാട്ടില്‍ ലഭിക്കുന്നു എന്നതാണു പ്രധാന ആകര്‍ഷണം. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഇത്തരത്തില്‍ നിരവധി മോഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും, ഇവരുടെ അറസ്റ്റോടെ തമിഴ്നാട് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാണ്ട് ചെയ്യുന്ന പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു. ചാത്തന്നൂര്‍ എസിപി എം എസ് സന്തോഷ്, സ്പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്സ് ബോബി അര്‍വിന്‍, പരവൂര്‍ സിഐ ചന്ദ്രകുമാര്‍, പാരിപ്പള്ളി എസ്ഐ എസ്.ജയകൃഷ്ണന്, എഎസ്ഐ രമണന്, എസ് സിപിഒമാരായ അനില്‍കുമാര്‍, മോഹനന്‍പിള്ള ഷാഡോ പോലീസുകാരായ ജയിന്, വിനു, മനു, സീനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: