കോഴിക്കോട്: സമനിലയിലൂടെ ഇംഗ്ലീഷ് ടീമായ വാട്ട്ഫോഡ് എഫ്സി നാഗ്ജി കപ്പിന്റെ സെമിയില്‍. തൊണ്ണൂറാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് ഉക്രെയ്ന് ടീമായ വോളിന് ലൂട്സ്കിനെ സമനിലയില്‍ തളക്കാന്‍ വാട്ട്ഫോഡ് എഫ്സിയെ സഹായിച്ചത്. ലൂട്സ്ക് താരം വഌഡിമര്‍, വാട്ട്ഫോഡ് താരം ആല്‍ഫി യങ്ങിനെ ബോക്സില്‍ വീഴ്ത്തിയതിനെത്തുടര്‍ന്നാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത അലക്സ് ജാക്കൂബിയാക്കിന് പിഴച്ചില്ല, പന്ത് നേരെ വലയിലേക്ക്. കളിച്ച മൂന്നു മത്സരങ്ങളിലും സമനില വഴങ്ങിയ വോളിന് ലൂട്സ്ക് സെമി കാണാതെ പുറത്തായി.
കളി തുടങ്ങി പത്താം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കിലൂടെയാണ് ലൂട്സ്കിന്റെ ഗോള്‍ പിറന്നത്. കിക്ക് വാട്ട്ഫോഡ് പ്രതിരോധ നിരക്കാരന് ബ്രണ്ടന്‍ മാസണ് തട്ടിയകറ്റി. പന്ത് വോളിന്റെ നികിട്യൂക്ക് റോമന്‍ ഹെഡ് ചെയ്തു. ബോക്സിന് തൊട്ട് മുമ്പില്‍ നിന്ന് വോളിന് നായകന് ക്രാവ്ചെങ്കോയ്ക്ക് പന്ത് ലഭിച്ചു. ക്രാവ്ചെങ്കോയുടെ തകര്‍പ്പന്‍ ഷോട്ട് ഇംഗ്ലിഷ് വല കുലുക്കി.
വോളിന് ലൂട്സ്കിന്റെ കയ്യിലായിരുന്നു ആദ്യ പകുതിയിലെ കളി. വാട്ട്ഫോഡ് ക്യാമ്പിനെ ഞെട്ടിച്ച് പലതവണ ലൂട്സ്ക് താരങ്ങള്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തു. പക്ഷേ ഒരു തവണ മാത്രമാണ് വാട്ട്ഫോഡ് പന്തുമായി ലൂട്സ്ക് ഗോളിയെ വിറപ്പിച്ചത്.
25-ാം മിനിറ്റില്‍ ലൂട്സ്ക് നടത്തിയ മുന്നേറ്റം കാണികളെ ആവേശം കൊള്ളിച്ചു. മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് പന്തുമായി കുതിച്ച ഷാപോവല് വല്‍ഡിസ്ലാവ് ഇടതു വിങ്ങില്‍ നിന്ന് പന്ത് ക്യാപ്റ്റന്‍ ക്രാവ്ചെങ്കോ സെര്‍ജിക്ക് നല്കി. ബോക്സിനുള്ളില്‍ നിന്ന് പ്രതിരോധ നിരക്കാരെ കബളിപ്പിച്ച് ക്രാവ്ചെങ്കോ നല്കിയ പാസ് പക്ഷേ വല്ഡിമറിന് ഗോളാക്കാന്‍ സാധിച്ചില്ല. 41-ാം മിനിറ്റിലും ലൂട്സ്ക് മികച്ച നീക്കം നടത്തി. ഇടതു വിങ്ങില്‍ നിന്ന് പന്തുമായി കുതിച്ച ഒലെഗ് പ്രതിരോധക്കാര്‍ക്ക് പിടി നല്‍കാതെ നല്കിയ പാസ് ക്രാവ്ചെങ്കോയുടെ കാലുകളിലേക്ക്. ക്രാവ്ചെങ്കോ നല്കിയ ഉയര്‍ന്ന ക്രോസ് റോമന്‍ വലയിലെത്തിക്കാന്‍ കഴിഞ്ഞില്ല.
ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് വാട്ട്ഫോഡ് ആദ്യ പകുതിയിലെ ഏക മുന്നേറ്റം നടത്തിയത്. ഒലാജുവോന് അഡൈലയുടെ ഷോട്ട് പക്ഷേ പോസ്റ്റിന് പുറത്തേക്ക് പോയി.
രണ്ടാം പകുതിയില്‍ കളിമാറി. ആദ്യ മിനിറ്റുകളില്‍ നിരവധി മുന്നേറ്റങ്ങളാണ് വാട്ട്ഫോഡ് നടത്തിയത്. 51-ാം മിനിറ്റില്‍ സീന്‍ മുറേയും അലക്സ് ജാക്കുബിയാക്കും ബെര്‍ണാഡ് മെന്‍ഷയും നടത്തിയ മുന്നേറ്റം ഗോളെന്നുറപ്പിച്ചതാണ്. പക്ഷേ മെന്ഷയുടെ ഷോട്ട് ലൂട്സ്ക് ഗോളി കൈചക് ആദം തട്ടിയകറ്റി. പകരക്കാരനായിറങ്ങിയ മാര്ട്ടിന് പല തവണ ലൂട്സ്ക് ഗോള്‍ മുഖത്ത് പരിഭ്രാന്തി പരത്തി. ആക്രമണപ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞു കളിച്ചു. അവസാന നിമിഷം ഗോള്‍ നേടാനായി നിരവധി അവസരങ്ങളാണ് ലൂട്സ്കിനു ലഭിച്ചത്. പക്ഷേ മുന്നേറ്റങ്ങളെല്ലാം വാട്ട്ഫോഡ് പ്രതിരോധത്തില്‍ തട്ടിനിന്നു.
നാഗ്ജി ടൂര്‍ണമെന്റിലെ അവസാന റൗണ്ട് മത്സരത്തില്‍ ഇന്ന് ജര്‍മന്‍ ക്ലബ്ബായ ടിഎസ്വി മ്യൂണിക്, ഉക്രെയിന് ടീമായ എഫ്സി നിപ്രോയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: