പുരുഷ ഹാന്‍ഡ്ബോളില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍
ഷില്ലോങ്: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ വനിതാ ഫുട്ബോള്‍ സ്വര്‍ണ്ണം ആതിഥേയര്‍ക്ക്. അതേസമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യ വെള്ളികൊണ്ട് തൃപ്തരായി. വനിതാ വിഭാഗത്തില്‍ നേപ്പാളിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ പൊന്നണിഞ്ഞത്. ഇന്ത്യക്കായി 32, 56 മിനിറ്റുകളില്‍ യുമ്നം കമലാദേവിയും 71-ാം മിനിറ്റില്‍ ബാലാദേവിയും 80-ാം മിനിറ്റില്‍ ആഷാലതാ ദേവിയും ഇന്ത്യക്കായി ഗോളുകള്‍ നേടി.
സ്വര്‍ണ്ണനേട്ടത്തോടെ ഇന്ത്യന്‍ വനിതാ ഫുട്ബോളിലെ സൂപ്പര്‍താരം ബെംബെം ദേവി കളക്കത്തോട് വിടപറയുകയും ചെയ്തു. രണ്ട് പതിറ്റാണ്ടുകാലം ഇന്ത്യന്‍ വനിതാ ഫുട്ബോളില്‍ സൂപ്പര്‍താരമായി വിലസിയ ഒയിനാം ബെംബെം ദേവിക്ക് സ്വര്‍ണ്ണനേട്ടത്തോടെ വിടവാങ്ങാനുള്ള അവസരം സഹതാരങ്ങള്‍ നേപ്പാളിനെതിരെ ഒരുക്കുകയും ചെയ്തു. ബംഗ്ലാദേശിനാണ് വെങ്കലം.
പുരുഷവിഭാഗത്തില്‍ നേപ്പാളിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ കീഴടങ്ങിയത്. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ഇന്ത്യ രണ്ടെണ്ണം തിരിച്ചുവാങ്ങിയത്. കളിയുടെ 30-ാം മിനിറ്റില്‍ ഹോളിചരണിലൂടെ ഇന്ത്യ ലീഡ് നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച നേപ്പാള്‍ അഞ്ച് മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകള്‍ക്ക് സ്വര്‍ണ്ണവും കൊത്തി പറന്നു. 65-ാം മിനിറ്റില്‍ പ്രകാശ് ബുദ്ധതോകി, 70-ാം മിനിറ്റില്‍ നവയുഗ് ശ്രേഷ്ഠ എന്നിവര്‍ വിജയികളുടെ ഗോളുകള്‍ നേടി.
ഹാന്‍ഡ് ബോളില്‍ രണ്ട് സ്വര്‍ണ്ണവും ഇന്ത്യക്ക്. പുരുഷ വിഭാഗത്തില്‍ പാക്കിസ്ഥാനെയും വനിതാ വിഭാഗത്തില്‍ ബംഗ്ലാദേശിനെയും കീഴടക്കിയാണ് നിലവിലെ ജേതാക്കളായ ഇന്ത്യ സ്വര്‍ണ്ണം കരസ്ഥമാക്കിയത്.

വനിതാ ഫുട്ബോളില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീം
പുരുഷ വിഭാഗത്തില്‍ പാക്കിസ്ഥാന്റെ കനത്ത വെല്ലുവളി മറികടന്നാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്്. സ്കോര്‍ 32-31. ആദ്യ പകുതിയില്‍ നേടിയ നാല് ഗോളുകളുടെ മുന്‍തൂക്കമാണ് ഇന്ത്യക്ക് ഗുണകരമായത്. ആദ്യപകുതിയില്‍ 15-11ന് മുന്നിട്ടുനിന്ന ഇന്ത്യ രണ്ടാം പകുതിയില്‍ 17-20ന് പിന്നിലായി. അവസാനമിനിറ്റുകളില്‍ പാക്കിസ്ഥാന്റെ കനത്ത ആക്രമണം വിഫലമാക്കിയ ഇന്ത്യന്‍ ഗോള്‍കീപ്പറാണ് ടീമിനെ സ്വര്‍ണ്ണത്തിലേക്ക് നയിച്ചത്. നേപ്പാളിനെ തോല്‍പ്പിച്ച് ബംഗ്ലാദേശ് വെങ്കലം കരസ്ഥമാക്കി.

വനിതാ ഹാന്‍ഡ്ബോളില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍
വനിതാ വിഭാഗത്തില്‍ ഇന്ത്യക്ക് അനായാസ വിജയമായിരുന്നു. ബംഗ്ലാദേശിനെയാണ് ഇന്ത്യന്‍ വനിതകള്‍ കീഴടക്കിയത്. 25നെതിരെ 45 ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം. നേപ്പാളിനെ പരാജയപ്പെടുത്തിയ പാക്കിസ്ഥാന് വനിതകള്‍ വെങ്കലം നേടി. 24നെതിരെ 28 ഗോളുകള്‍ക്കായിരുന്നു പാക്ക് വനിതകള്‍ വിജയം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: