ചേര്‍ത്തല: താലൂക്ക് ഓഫീസ് വളപ്പിലെ ടോയ്ലറ്റ് കോംപ്ലക്സ് കൈമാറ്റത്തിനെ ചൊല്ലി പ്രതിഷേധം പുകയുന്നു. സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ചു നിര്‍മിച്ച കെട്ടിടം ഓഫീസാക്കി എന്‍ജിഒ അസോസിയേഷന് നേതാക്കളുടെ നിയന്ത്രണത്തിലുള്ള സംഘത്തിന് വാടകയ്ക്കു നല്‍കിയതിനെ ചൊല്ലിയാണ് തര്‍ക്കം. ഭരണ സ്വാധീനമുപയോഗിച്ചാണ് പൊതുജനങ്ങള്‍ക്കു വേണ്ടി നിര്‍മിച്ച കെട്ടിടം കൈവശപ്പെടുത്തിയതെന്നാണ് വിമര്‍ശം. താലൂക്ക് ഗവണ്മെന്റ് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഓഫീസിനായാണ് കെട്ടിടം കൈമാറിയത്. ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചതോടെ കെട്ടിടത്തിന് രൂപമാറ്റം വരുത്തി ഓഫീസാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും പ്രതിപക്ഷ സര്‍വീസ് സംഘടനകളും പെന്‍ഷന്‍കാരും യുവജന സംഘടനകളും പ്രതിഷേധമുയര്‍ത്തിയതോടെ നിര്‍മാണം നിര്‍ത്തിവെച്ചു. പന്ത്രണ്ട് വര്‍ഷം മുന്‍പ് എട്ടു ലക്ഷം രൂപവിനിയോഗിച്ചു നിര്‍മിച്ചതാണ് കെട്ടിടം. ഉപയോഗ ശൂന്യമായതിനാലാണ് ഇതു കൈമാറ്റം ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. സൊസൈറ്റി നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്കു വിധേയമായാണ് കെട്ടിടം വാടകക്കു നല്കാന് ജില്ലാകലക്ടര്‍ അനുമതി നല്‍കിയത്. കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണത്തിനു അനുമതി നല്‍കിയതെന്നും പ്രതിഷേധമുയര്‍ന്നതോടെ നിര്‍മാണം നിര്‍ത്താന്‍ നിര്‍ദേശിച്ചതായും അഡീഷണല്‍ തഹസില്‍ദാര്‍ കെ. ശ്രീലത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: