ആലപ്പുഴ: പുഞ്ചക്കൃഷി വിളവെടുപ്പിന് ഉപയോഗിക്കുന്ന കൊയ്ത്തു-മെതി യന്ത്രങ്ങള്‍ക്ക് ഈടാക്കാവുന്ന ഏറ്റവും ഉയര്‍ന്ന വാടക മണിക്കൂറിന് 1700 രൂപയും കായല്‍നിലങ്ങളില്‍ 1900 രൂപയുമായി നിശ്ചയിക്കാന്‍ തീരുമാനിച്ചു.
പുഞ്ചക്കൃഷി വിളവെടുപ്പുമായി ബന്ധപ്പെട്ട് കൂടിയ യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍ ആധ്യക്ഷ്യം വഹിച്ചു.
ജില്ലയില്‍ 522 പാടശേഖരങ്ങളിലായി 25606.61 ഹെക്ടര്‍ സ്ഥലത്താണ് പുഞ്ചക്കൃഷി ഇറക്കിയിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്. ഗീതാമണി പറഞ്ഞു. ഫെബ്രുവരി 15 മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് കൊയ്ത്ത് നടക്കുക. 240 കൊയ്ത്തുയന്ത്രങ്ങള്‍ അവശ്യമായി വരും. ജില്ലയില്‍ 78 കൊയ്ത്ത്-മെതി യന്ത്രങ്ങളാണുള്ളത്. മറ്റുള്ളവ അന്യജില്ലകളില്‍നിന്നും മറ്റുസംസ്ഥാനങ്ങളില്‍നിന്നും യന്ത്രം എത്തിക്കും. ജില്ലയില്‍ 10302 ഹെക്ടര്‍ സ്ഥലത്തി രണ്ടാംകൃഷി ഇറക്കി. 401 ഹെക്ടറില്‍ മഴമൂലം കൃഷി നശിച്ചു. സപ്ലൈകോ മുഖേന 42,400 ടണ്‍ നെല്ല് സംഭരിച്ചു. സപ്ലൈകോ 14766 കര്‍ഷകര്‍ക്കായി 91.16 കോടി രൂപ വിതരണം ചെയ്തു.
പാടശേഖരസമിതികളുമായി ഉണ്ടാക്കുന്ന കരാര്‍ പ്രകാരമുള്ള തുകയേ വാടകയായി ഈടാക്കാവൂവെന്ന് കര്‍ഷക പ്രതിനിധികളും പാടശേഖരസമിതി ഭാരവാഹികളും ആവശ്യപ്പെട്ടു. കൊയ്ത്ത് ആരംഭിക്കുന്നതു മുതല്‍ അവസാനിക്കുന്നതു വരെ ഒരേ നിരക്കിലുള്ള വാടക ഈടാക്കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു.
ഗുണനിലവാരമില്ലാത്ത യന്ത്രം ഉപയോഗിക്കരുതെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. നെല്ലെടുപ്പുമായി ബന്ധപ്പെട്ട കൂലിനിരക്കുകള്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ പ്രാദേശികതലത്തില്‍ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
പതിനഞ്ച് ദിവസത്തിനുള്ളില്‍ എല്ലാ കൃഷി ഓഫീസുകളുടെ പരിധിയിലും ഇതു സംബന്ധിച്ച യോഗം ചേരാന്‍ നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.
സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടര്‍ക്ക് കൃഷി വകുപ്പിന്റെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
മങ്കൊമ്പ് നെല്ലു ഗവേഷണകേന്ദ്രം മേധാവി ഡോ. എസ്. ലീനാകുമാരി, സുഷമ കുമാരി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എ.ജി.എ. കരീം, ആശാ രവി, പാടശേഖരസമിതി ഭാരവാഹികള്‍, കര്‍ഷകസംഘടനാ പ്രതിനിധികള്‍, കൊയ്ത്തുയന്ത്ര ഉടമകള്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: