ചെറുതോണി: കൊച്ചുപൈനാവ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.അബി ഉലഹന്നാനെ പടക്കമെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെ ഇടുക്കി പോലീസ് അറസ്റ്റുചെയ്തു. കൊച്ചുപൈനാവ് മാടയ്‌ക്കാപ്പള്ളില്‍ അജു(30), അനൂപ്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും സഹോദരന്മാരാണ്. കഴിഞ്ഞ 30ന് രാത്രി 11.30 നാണ് സംഭവം.
വികാരി ഫാ. അബി ഉലഹന്നാന്‍ താമസിക്കുന്ന വീടിന് പുറത്ത് രാത്രി സ്‌ഫോടന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ രണ്ടുപേര്‍ ബൈക്കില്‍ കയറി പോവുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇടവകാംഗങ്ങള്‍ ഇടുക്കി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇടുക്കി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയും യാക്കോബായ പള്ളിയും തമ്മില്‍ അവകാശത്തര്‍ക്കം ഉന്നയിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കേസ് കോടതിയില്‍ നടന്നു വരുകയാണ്. 2002 മുതല്‍ പള്ളിയും അനുബന്ധ കെട്ടിടങ്ങളും പൂട്ടി ആര്‍.ഡി.ഒ താക്കോല്‍ സൂക്ഷിച്ചിരിക്കുകയാണ്.
തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ വിഭാഗം പഴയ പള്ളിക്കു സമീപം വേറെ പള്ളി നിര്‍മിക്കുകയും ഓര്‍ത്തഡോക്‌സ് വിഭാഗം കൊച്ചുപൈനാവില്‍ പള്ളി പണിത് ആരാധന നടത്തി വരികയുമാണ്. ഓര്‍ത്തഡോക്‌സ് പള്ളിയോട് ചേര്‍ന്ന് താമസിക്കുന്ന വൈദികന്റെ മുറിക്കു നേരെയാണ് പടക്കമെറിഞ്ഞത്.
















