കൊല്ലം: കുളം നവീകരണത്തിന്റെ മറവില്‍ മണല്‍വാരി കടത്താന്‍ നടത്തിയ ശ്രമം ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. കൊല്ലം കളക്ട്രേറ്റിന് മുന്നിലുള്ള കൊട്ടാരക്കുളത്തില്‍ നിന്നാണ് മണല്‍ കടത്താന്‍ ശ്രമിച്ചത്.
വരള്‍ച്ചാ ദുരിതാശ്വാസഭാഗമായി ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കുളത്തിന്റെ നവീകരണത്തിന്റെ കരാര്‍ ഏറ്റെടുത്ത ചവറ സ്വദേശിയാണ് മണല്‍ വാരാന്‍ ശ്രമം നടത്തിയത്. ശനിയാഴ്ച വൈകിട്ട് കുളത്തിന്റെ ഒരുവശത്തെ പായല്‍ നീക്കം ചെയ്യുകയും പടവുകള്‍ക്ക് മുകളിലുള്ള മരങ്ങളുടെ കുളത്തിലേക്ക് ചാഞ്ഞുനില്ക്കുന്ന ശിഖരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തു. വൈകിട്ടോടെയാണ് ചെളിനീക്കുന്നതിന്റെ മറവില്‍ മണല്‍ വാരാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് കല്പടവുകള് പൊളിയുകയും ക്ഷേത്രത്തില്‍ നിന്നുള്ള പടവുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തു. ക്ഷേത്രത്തിലെത്തിച്ചേര്‍ന്ന ഭക്തര്‍ വിവരമറിയിച്ചതനുസരിച്ച് ഹിന്ദുഐക്യവേദിയുടെയും ബിജെപിയുടെയും പ്രവര്‍ത്തകരാണ് ഇന്നലെ രാവിലെ പ്രശ്നത്തില്‍ ഇടപെട്ടത്.
കുന്നുകൂട്ടിയിട്ട മണല്‍ തിരിച്ച് കുളത്തില്‍ നിക്ഷേപിച്ച് കുളത്തിന്റെ ആഴം കുറച്ച് പഴയപടി ആക്കണമെന്നും ചെളിയെടുപ്പിന്റെ മറവില്‍ നടന്ന മണല്‍വാരല്‍ അനുവദിക്കാനാകില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
പ്രതിഷേധക്കാരുടെ നിര കൂടിയതോടെ കരാറുകാരന് സ്ഥലം വിട്ടു. പിന്നീട് സ്ഥലത്തെത്തിയ ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ നേതൃത്വത്തില്‍ ക്ഷേത്രവിശ്വാസികളുമായി ചര്‍ച്ച നടത്തി. അശാസ്ത്രീയമായി മണല്‍ വാരിയതുമൂലം കല്പടവുകള് പൊളിഞ്ഞതും ഇനിയൊരാള്‍ക്കും കുളിക്കാന്‍ ഇറങ്ങാനാവാത്ത വിധം ആഴത്തില്‍ ഉപയോഗിക്കുന്ന കടവ് മരണഗര്‍ത്തമായി മാറിയതും സമരക്കാര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി.
ബിജെപി കൗണ്‍സിലര്‍മാരായ കോകില എസ്.കുമാര്‍, തൂവനാട്ട് സുരേഷ് എന്നിവരുടെയും ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി പി.രമേശ്ബാബു, ഷാജി പാലത്തറ, രാജേന്ദ്രപ്രസാദ്, വി.മുരളീധരന്, ഓലയില്‍ ഗോപന്, സെന്തില്‍കുമാര്‍, പ്രവീണ്‍ തെക്കടം, തെക്കേക്കാവ് മോഹനന്, അനന്തകൃഷ്ണന് എന്നിവരുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഒന്നരലക്ഷം രൂപയ്ക്കാണ് കുളം നവീകരണത്തിന് ചവറ സ്വദേശി കരാര്‍ എടുത്തതെന്ന് അറിയുന്നു. പ്രതിഷേധക്കാരുടെ പരാതിയെ തുടര്‍ന്ന് കരാറുകാരനുമായി ഫോണില്‍ സംസാരിച്ച എഞ്ചീനീയര്‍ ഇയാളെ കരിമ്പട്ടികയില്പെടുത്തേണ്ടിവരുമെന്ന് അറിയിച്ചതോടെ കരാറുകാരന് നിലപാട് വ്യക്തമാക്കി. എത്രയുംവേഗം നീക്കിയ മണല്‍ കുളത്തില്‍ തന്നെ നിക്ഷേപിക്കാമെന്നും കരാര്‍ പ്രകാരമുള്ള ജോലികള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കാമെന്നും കരാറുകാരന് ഉറപ്പുനല്‍കി.
അതേസമയം ചെളിനീക്കി കുളത്തില്‍ ജലലഭ്യത വര്‍ധിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന വാദം കരാറുകാരന് ഉന്നയിക്കുന്നു. വേണ്ടത്ര അനുഭവപരിചയം ഇല്ലാത്ത ബംഗാളികളായ തൊഴിലാളികളുടെ പിഴവുകൊണ്ടാണ് പടവുകള്‍ തകര്‍ന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കരാറുകാരന്റെ വാദങ്ങള്‍ കളവാണെന്നും രാത്രിക്ക് രാത്രി ലോറിയില്‍ ട്രിപ്പടിച്ച് മണല്‍ കടത്തി മറിച്ചുവില്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു. ഇന്നലെ ഒന്നാം തീയതി ആയതിനാല്‍ ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് അധികമായതിനാല്‍ കൂന കൂട്ടിയ മണല്‍ കൊണ്ടുപോകുന്നത് വന്പ്രതിഷേധത്തിനിടയാക്കുമെന്ന് മനസിലായതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: