വിശാഖപട്ടണം: ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്. അവസാന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 18 ഓവറില്‍ വെറും 82 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത്ത് ശര്‍മ്മയുടെ (13) വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 37 പന്തുകള്‍ ബാക്കിനില്‍ക്കേ വിജയം കാണുകയായിരുന്നു. അഞ്ച് ഫോറും ഒരു സിക്സറുമടക്കം 46 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓപ്പണര്‍ ശിഖര്‍ ധവാനും 22 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രീലങ്കന്‍ നിരയില്‍ രണ്ട് പേര് മാത്രമാണ് രണ്ടക്കം കടന്നത്. 19 റണ്‍സെടുത്ത ദസുന്‍ ഷനക അവരുടെ ടോപ് സ്കോറര്‍. തീസര പെരേര 12 റണ്‍സുമെടുത്തു. നാല് ഓവറില്‍ വെറും എട്ട് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ പിഴുത സ്പിന്നര്‍ അശ്വിനാണ് ഇന്ത്യയുെട വിജയശില്‍പ്പി.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി എതിരാളികളെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചുകൊണ്ട് ഇന്നിങ്സിലെ ആദ്യ ഓവറില്‍ അശ്വിന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയുംചെയ്തു. ഒരു റണ്ണെടുത്ത ഡിക്ക്വെല്ലയും ദില്‍ഷനുമാണ് പുറത്തായത്. പിന്നീടെത്തിയവര്‍ക്കൊന്നും മികച്ച ഇന്നിങ്സ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. ചണ്ടിമല്‍ (8), അരങ്ങേറ്റക്കാരന്‍ ഗുണരത്നെ (4), സിരിവര്‍ദ്ധനെ (4), പ്രസന്ന (9), സേനാനായകെ (8), ഫെര്‍ണാണ്ടോ (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍. ചമീര 9 റണ്‍സുമായി പുറത്താകാതെ നിന്നു. അശ്വിന് പുറമെ സുരേഷ് റെയ്ന രണ്ടും നെഹ്റ, ബുംമ്റ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. അശ്വിനാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: