ചാരുംമൂട്: അധികൃതരുടെ അനാസ്ഥയില്‍ നൂറനാട് എക്സൈസ് ഓഫീസ് കാലങ്ങളായി അവഗണനയിലെന്ന് പരാതി. എക്സൈസ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. എന്നാല്‍ കളക്ടര്‍ അടക്കമുള്ളവരുടെ അനാസ്ഥയില്‍ ഓഫീസ് കെട്ടിട നിര്‍മ്മാണം മുടങ്ങിക്കിടക്കുകയാണ്.
2007 ഏപ്രില്‍ ഒന്നിനാണ് നൂറനാട് എക്സൈസ് ഓഫീസ് നിലവില്‍ വന്നത്. വള്ളികുന്നം, താമരക്കുളം, ചുനക്കര, പാലമേല്‍, നൂറനാട് എന്നീ പഞ്ചായത്തുകളാണ് ഈ ഓഫീസിന്റെ മേഖല. നിലവില്‍ വാടകകെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
കേസുകളില്‍ പിടിച്ചെടുക്കുന്ന തൊണ്ടിസാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനോ, വനിതാ ഓഫീസറടക്കമുള്ള ഇരുപതോളം ജീവനക്കാര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യുന്നതിനോ ഈ കെട്ടിടത്തില്‍ സൗകര്യങ്ങള്‍ ഇല്ല. കാലപ്പഴക്കം മൂലം കെട്ടിടം ഏത് നിമിഷവും നിലംപതിയ്ക്കാവുന്ന അവസ്ഥയിലാണ്. കൂടാതെ മഴപെയ്താല്‍ ചോര്‍ന്നൊലിക്കുകയും, പരിസരം കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായും മാറിയിരിക്കുന്നു. കെട്ടിടത്തിന്റെ ശോചനീയവസ്ഥയില്‍ ഓഫീസ് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിന് നൂറനാട് എക്സൈസ് അധികൃതര്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുളള ഉന്നതഉദ്യോഗസ്ഥരോട് ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
നൂറനാട് ഐറ്റിബിപി ക്യാമ്പിന് സമീപമോ, പോലീസ് സ്റ്റേഷന് കിഴക്ക് ഭാഗത്തുളള സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പഴയകെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്തി ഓഫീസിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. എക്സൈസ് ഓഫീസ് ചാരുംമൂട് ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനും, പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം തടസപ്പെടുത്തുന്നതിനും ചില ഉദ്യോഗസ്ഥരും, രാഷ്ട്രീയ ഇടപെടലും ഉണ്ടെന്നുള്ള ആരോപണവും ഉയരുന്നുണ്ട്.
എക്സൈസ് ഓഫീസ് നൂറനാട്ട്തന്നെ നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഞ്ച് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന എക്സൈസ് റേഞ്ച് ഓഫീസില്‍ ഒരു വാഹനം മാത്രമാണുള്ളത്. ഇതുമൂലം അടിയന്തരിവാശ്യങ്ങള്ക്കായി എത്തിച്ചേരുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ വരുന്നുണ്ട്.
രാത്രിയും പകലുമായി ഒരു ഡ്രൈവറുടെ സേവനം മാത്രമാണുള്ളതെന്നും മറ്റൊരു ദുരാവസ്ഥയാണ്. അതിനാല്‍ അടിയന്തര നടപടി സ്വീകരിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്നും, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നുമാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: