പത്തനാപുരം: തിരക്കേറിയ പത്തനാപുരം നഗരത്തില്‍ വേഗതാ നിയന്ത്രണ സംവിധാനമില്ല. അപകടങ്ങള്‍ പതിവാകുന്നു. വേഗത നിയന്ത്രിക്കുന്നതിനുള്ള യാതൊരു സംവിധാനങ്ങളുമില്ലാത്തതിനാല്‍ വാഹനങ്ങള്‍ അമിത വേഗതയിലാണ് ചീറിപ്പായുന്നത്.
നഗരങ്ങളില്‍ പരമാവധി 25 കിലോമീറ്ററായി വേഗത നിജപ്പെടുത്തിയിരിക്കുമ്പോഴാണ് ഈ അമിതവേഗത. അതിനാല്‍ അപകടങ്ങളും പതിവായിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ ഇരുപതിലധികം അപകടങ്ങളാണ് നഗരത്തില്‍ ഉണ്ടായത്. അമിതവേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് ഗൃഹനാഥന് മരിച്ചത് കഴിഞ്ഞ ആഴ്ചയാണ്.
റോഡ് വശങ്ങളുടെ വീതി അടുത്തിടെ കൂട്ടിയെങ്കിലും പാര്‍ക്കിംഗിന് പ്രത്യേകസ്ഥലം നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ഇതും പ്രയോജനപ്പെടുത്താനായിട്ടില്ല. സ്കൂള്‍ സമയങ്ങളിലും മറ്റും ചരക്കുഗതാഗതത്തിന് നഗരപാതകളില്‍ നിരോധനമുണ്ടെങ്കിലും പത്തനാപുരത്ത് ഇതും അവഗണിച്ച മട്ടാണ്. ഫാമിംഗ് കോര്‍പ്പറേഷനില്‍ നിന്നുപോലും അമിതലോഡുമായി തിരക്കേറിയ സമയങ്ങളില്‍ തടിലോറികള്‍ പോകുന്നത് പതിവ് കാഴ്ചയാണ്.
പുനലൂര്‍ മൂവാറ്റുപുഴ പാതയും പുനലൂര്‍-കായംകുളം പാതയും കുന്നിക്കോട്-പത്തനാപുരം പാത സമ്മേളിക്കുന്ന പത്തനാപുരത്ത് ഹംബുകളോ ഡിവൈഡറുകളോ ഇനിയും സ്ഥാപിച്ചിട്ടില്ല. രാവിലെയും വൈകുന്നേരവും അമിതവേഗതയില്‍ ഇരുചക്രവാഹനത്തില്‍ സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികളടക്കം പായുന്നതും പതിവാണ്. ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങള്‍ പലതും പോലീസ് കേസാകാതെ ഒത്തുതീര്‍പ്പിലെത്തുകയാണ് പതിവ്. ലൈസന്‍സില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാകുന്നിടത്താണ് ഒത്തുതീര്‍പ്പ് നടക്കുന്നത്.
തിരക്കേറിയ നഗരത്തില്‍ ഗതാഗത നിയന്ത്രണത്തിന് ഒരു ഹോംഗാര്‍ഡിനെ മാത്രമാണ് നിയോഗിച്ചിട്ടുള്ളത്. കൂടുതല്‍ പോലീസിനെ വിന്യസിച്ച് ഗതാഗത നിയമപാലനത്തിനുള്ള നടപടികളുമുണ്ടായിട്ടില്ല. അമിതവേഗതയും അനധികൃത പാര്‍ക്കിംങ്ങുകളും കാരണം അപകടങ്ങള്‍ പതിവായിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: