കൊല്ലം: വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ് നടപ്പിലാക്കിവരുന്ന ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ഗതാഗത ബോധവല്‍ക്കരണ പരിപാടിയാണ് സുരക്ഷിതയാത്ര ശുഭയാത്ര.
സമൂഹത്തിലെ എല്ലാ തരത്തിലുള്ളവരെയും പങ്കാളികളാക്കി കൊണ്ടുള്ള സമ്പൂര്‍ണ ട്രാഫിക്ക് ബോധവല്‍ക്കരണ പരിപാടി കഴിഞ്ഞമാസം ആറിനാണ് ആരംഭിച്ചത്. എന്നാല്‍ ഈ പദ്ധതി ഇന്ന് വലിയ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധി ജീവനുകളാണ് കവരുന്നത്. സുരക്ഷിത ഡ്രൈവിംഗിലേക്ക് വാഹനയാത്രക്കാരെ എത്തിക്കുകയെന്ന ലക്ഷ്യമിട്ട് ആരംഭിച്ച സുരക്ഷിതയാത്ര ശുഭയാത്ര ഇന്ന് വാഹന യാത്രക്കാരെ ശ്രദ്ധാലുക്കളാക്കുകയാണ്. സിറ്റി പോലീസിന് കീഴില്‍ ഗതാഗതനിയമം ലംഘിക്കുന്നവരെ കണ്ടെത്തി ആഴ്ചയില്‍ രണ്ടുദിവസം കൊല്ലം സായുധക്യാമ്പില് എത്തിച്ച് ഗതാഗത മര്യാദകളെപ്പറ്റി സമഗ്രമായ ക്ലാസ് നടത്തുകയാണ്. സ്കൂള്‍-കോളേജ് വാഹനം ഓടിക്കുന്നവര്‍ക്കായി സുരക്ഷിത സ്കൂള്‍ യാത്ര ശുഭയാത്ര എന്ന പേരില്‍ അതാത് സ്ഥാപനങ്ങളിലെത്തിയാണ് ക്ലാസ് നടത്തുക. അതൊടൊപ്പം ഇവര്‍ക്കായി റോഡപകടങ്ങളുടെ ഭീകരത ദൃശ്യമാകുന്ന സിഡി പ്രദര്‍ശനവും നടത്തുന്നു.
സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായും സുരക്ഷിത പരിപാടികള്‍ സംഘടിപ്പിക്കുന്നു. സ്വകാര്യബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ വേണ്ടി ബസുടമാ സംഘടനകളുടെ സഹായത്തോടെ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്കുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്കുന്നു. മേധാവി മുന്നിട്ടറങ്ങിയപ്പോള്‍ ഭാവിയിലെ മേധാവിമാരായ കുട്ടിപോലീസും കൂട്ടായി. അവരുടെ വകയുമുണ്ട് ബോധവത്ക്കരണം. ഹെല്‍മറ്റ് ഇല്ലെങ്കില്‍ കുട്ടി പോലീസ് പിടിക്കും.
നഗരത്തിന്റെ മുക്കിലും മൂലയിലും ഇന്ന് സുരക്ഷിതയാത്ര പ്രതിനിധി സംഘങ്ങള്‍ ഉണ്ട്. പദ്ധതി അവസാനിക്കുമ്പോള്‍ കൊല്ലം നഗരം സുരക്ഷിത യാത്ര പട്ടികയില്‍ ഒന്നാമതെത്തുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: