പത്തനാപുരം: ശാപമോക്ഷം കിട്ടാതെ പൂച്ചിമാന് കടവ്-കടക്കാമണ്‍ റോഡ്. വര്‍ഷങ്ങളായി പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ് ഈ ഗ്രാമീണപാത.
അപകടാവസ്ഥയിലായ പാത നവീകരിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതി പറയുന്നു. നാളിതുവരെ അധികൃതര്‍ പാത നന്നാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തത് നാട്ടുകാരെ ബുദ്ധിമുട്ടിക്കുകയാണ്. വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമടക്കം നിരവധി നാട്ടുകാര്‍ കാല്‍നടയായും മറ്റു വാഹനങ്ങളിലും പതിവായി യാത്ര ചെയ്യുന്ന പാതയാണിത്. മഴക്കാലമായാല്‍ ഇതുവഴിയുള്ള യാത്ര കൂടുതല്‍ ദുഷ്കരമാണെന്നും യാത്രികര്‍ പറയുന്നു. നൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാതയാണിത്. ഇരുയാത്രികര് മിക്കപ്പോഴും അപകടത്തില്‍പെടുന്നതും പതിവുകാഴ്ചയാണ്. കാല്‍നടയാത്രപോലും ബുദ്ധിമുട്ടിലാകുന്ന സ്ഥിതിയാണുള്ളത്. പുനലൂര്‍-മൂവാറ്റുപുഴ പ്രധാനപാതയില്‍ നിന്നു കയറുന്ന ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനു വേണ്ടിയുള്ള പൈപ്പുലൈന്‍ എടുക്കാനായി റോഡു കുഴിച്ചതും അപകടങ്ങള്‍ക്കു വഴിവയ്ക്കുന്നു. പൂച്ചിമാന് കടവില്‍ നിന്നു കടക്കാമണിലെ പ്രധാന പാതയിലേക്കിറങ്ങുന്ന ഭാഗമാണ് ഇപ്പോള്‍ അപകടകരമായ കിടക്കുന്നത്. റോഡു പുനര്നിര്മാണനടപടികള് സ്വീകരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ബഹിഷ്ക്കരണ നടപടികള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ നടത്തുമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: