ഗോഹട്ടി: ഷൂട്ടിങ്ങില്‍ റേഞ്ചില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ തീരുമാനമായ ആറില്‍ ആറു സ്വര്‍ണവും നേടി തുടരെ നാലാം ദിനവും ഇന്ത്യന്‍ താരങ്ങള്‍ റേഞ്ച് അടക്കിവാണു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍, 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ വിഭാഗങ്ങളില്‍ വ്യക്തിഗത, ടീം ഇനങ്ങളിലാണ് ഇന്ത്യ സ്വര്‍ണം വാരിയത്. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ എലിസബത്ത് സൂസന് കോശി മലയാളക്കരയ്ക്ക് ഒരു വെള്ളികൂടി സമ്മാനിച്ചു. ഇതുവരെ റേഞ്ചില്‍ നിന്ന് 18, സ്വര്‍ണം, എട്ട് വീതം വെള്ളി, വെങ്കലം ഇന്ത്യ നേടി.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഓംകാര്‍ സിങ്ങിന് സ്വര്‍ണം. 198.8 പോയിന്റ് നേടിയാണ് ഓംകാര്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഈയിനത്തില്‍ വെള്ളി പാക്കിസ്ഥാന്റെ കമീലുള്ളയ്ക്ക്. വ്യക്തിഗത ഇനത്തില്‍ ഇന്നലെ ഇന്ത്യക്കാര്ക്കല്ലാതെ ലഭിച്ച ഏക മെഡലും ഇദ്ദേഹത്തിന്. ഇന്ത്യയുടെ ജിതേന്ദ്ര വിഭുതെയ്ക്ക് വെങ്കലം. ഒളിംപിക്സിന് യോഗ്യത നേടിയ ഗുര്‍പ്രീത് സിങ്ങിന് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ടീമിനത്തില്‍ ഓംകാര്‍, ഗുര്‍പ്രീത്, ജിതേന്ദ്ര ടീം 1,735 പോയിന്റോടെ സ്വര്‍ണം കൈക്കലാക്കിയത്. പാക്കിസ്ഥാന് (1,700), ശ്രീലങ്ക (1,663) ടീമുകള്‍ക്ക് വെള്ളി, വെങ്കലം
വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ രാഹി സര്‍നോബത്തിന് സ്വര്‍ണം. അനുരാജ് സിങ് വെള്ളിയും അനിസ സയിദ് വെങ്കലവും നേടി. രാഹി, അനുരാജ്, അനിസ എന്നിവരടങ്ങിയ ടീം 1,741 പോയിന്റ് കരസ്ഥമാക്കി ടീം സ്വര്‍ണം നേടിയത്. ഈയിനത്തില്‍ ലങ്കയ്ക്ക് വെള്ളി (1,654), പാക്കിസ്ഥാന് വെങ്കലം (1,631).
അമ്പത് മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷനില്‍ അന്‍ജും മൗദ്ഗിലിന് സ്വര്‍ണം. എലിസബത്ത് സൂസന് കോശി ഉയര്‍ത്തിയ കനത്ത വെല്ലുവിളി അതിജീവിച്ചാണ് അന്‍ജും സ്വര്‍ണവുമായി മടങ്ങിയത്. അന്‍ജും 452.2 പോയിന്റ് നേടിയപ്പോള്‍, എലിസബത്തിന് 451.9 പോയിന്റ്. ലജ്ജ ഗോസ്വാമിക്ക് വെങ്കലം. അന്‍ജും, എലിസബത്ത്, ലജ്ജ എന്നിവര്‍ ടീമിനത്തിലെ സ്വര്‍ണവും ഇന്ത്യയ്ക്ക് സമ്മാനിച്ചു, 1,726 പോയിന്റ്. ശ്രീലങ്ക (1,686) വെള്ളിയും, പാക്കിസ്ഥാന് (1,656) വെങ്കലവും നേടി.
















