ജൊഹാന്നസ്ബര്‍ഗ്: നാലാം ഏകദിനം ഒരു വിക്കറ്റിന് ജയിച്ച് ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി (2-2). ഏഴാമനായിറങ്ങി 38 പന്തില്‍ മൂന്നു ഫോറും നാലു സിക്‌സറും സഹിതം 62 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ക്രിസ് മോറിസാണ് അപ്രാപ്യമെന്നു കരുതിയ ലക്ഷ്യത്തിലേക്ക് ദക്ഷിണാഫ്രിക്കയെ അടുപ്പിച്ചത്. നേരത്തെ, ഒരു വിക്കറ്റും നേടിയ മോറിസ് കൡയിലെ താരം. സ്‌കോര്‍: ഇംഗ്ലണ്ട് – 262 (47.5), ദക്ഷിണാഫ്രിക്ക – 266/9 (47.2).
മുപ്പത്തിയേഴാം ഓവറില്‍ ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ക്രീസിലെത്തിയ മോറിസ് ഒമ്പതാമനായി പുറത്താകുമ്പോള്‍ സ്‌കോര്‍ ഇംഗ്ലണ്ടിനൊപ്പമെത്തി. പതിനൊന്നാമനായെത്തിയ ഇമ്രാന്‍ താഹിര്‍ നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറിയിലേക്കു പായിച്ച് ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചു.
















