മാന്നാര്‍: പാടശേഖരങ്ങളില്‍ നിന്നും ചെളിയെടുത്ത് കാലങ്ങളായി നടന്നുവന്നിരുന്ന ഇഷ്ടിക നിര്‍മ്മാണം ചെളിലഭിക്കാതെ പ്രതിസന്ധിയില്‍. ഒരു കാലത്ത് പേരും പെരുമയും ഉണ്ടായിരുന്ന ബുധനൂര്‍ നാടന്‍ കട്ടകള്‍ ഓര്‍മ്മകളിലേക്ക്.
പ്രാദേശികമായി ചെളി ലഭിക്കുന്നതിലുള്ള ക്ഷാമവും നെല്‍വയലുകളുടെ സംരക്ഷണനിയമങ്ങളുമാണ് ഈ മേഖലയെ ബാധിച്ചത്. ചൂളപ്പുരകള് പലതും നോക്കുകുത്തികളായി കഴിഞ്ഞു.
പാടശേഖരങ്ങളില്‍ നിന്നും മീനം, മേടം മാസങ്ങളില്‍ ഒരു വര്‍ഷത്തേക്കുള്ള ചെളി ലോറികളില്‍ കൊണ്ടു വന്ന് ശേഖരിക്കുകയാണ് പതിവ്. കര്‍ക്കിടകത്തില്‍ വെള്ളപ്പൊക്ക സമയത്ത് വള്ളങ്ങളിലും ചെളി ശേഖരിച്ചിരുന്നു. കര്‍ക്കിടകത്തില്‍ കരയ്ക്കുള്ള പണിയും വ്യശ്ചികത്തില്‍ കണ്ടത്തിലെ പണിയും ആരംഭിക്കും.
ഇഷ്ടിക വ്യവസായത്തിനായി കാലങ്ങളായി ബുധനൂരിലേയും സമീപപ്രദേശങ്ങളിലേയും പാടശേഖരങ്ങളില്‍ നിന്നും ചെളിയെടുത്തിരുന്നത്. ആഴം കൂടിയപ്പോള്‍ പുറത്തുനിന്നും ചെളി കൊണ്ടുവരുന്ന സംവിധാനത്തിലേക്ക് ഇഷ്ടികതൊഴിലാളികള് മാറി. ചെളിയുമായി വരുന്ന വണ്ടികള്‍ക്ക് പാസുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും റവന്യൂ അധികാരികള്‍ പിടിച്ചെടുക്കുകയും ചിലര്‍ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുമ്പ് കുഴിച്ച പാടശേഖരങ്ങളില്‍ ആഴം കൂട്ടി ചെളിലെടുക്കാന് തയ്യാറായി.
കുഴിയുടെ ആഴം കൂടിയതനുസരിച്ച് ചെളി മാറി പിന്നീട് ഖനനം ചെയ്തെടുക്കുന്നത് മണലായി മാറി. ഇതില്‍ ആകൃഷ്ടരായി ചിലര്‍ ഇഷ്ടിക വ്യവസായം ഉപേക്ഷിച്ച് മണല്‍ വ്യാപാരികള്‍ ആയി മാറി. ബുധനൂരെ പേരും പെരുമയും ഉയര്‍ത്തിയ ഇഷ്ടിക വ്യവസായം മണല്‍ വ്യാപാരത്തിലേക്ക് ചുവടുമാറ്റി.
ചെളി ലഭ്യതയില്ലാതായതോടെ ചിലര്‍ സിമന്റ് കട്ട നിര്‍മ്മാണ യൂണിറ്റിലേക്ക് വഴി മാറിയതോടെ ഇഷ്ടിക വ്യവസായം തകര്‍ച്ചയിലായി. ഒരു കാലത്ത് ബുധനൂരില്‍ നിന്നും നാടന്‍ കട്ടകളുമായി പോയിരുന്ന വണ്ടികളും വള്ളങ്ങളും ഇന്ന് വീസ്മയക്കാഴ്ചയായി മാറി. പണ്ട് കാലങ്ങളില്‍ അന്‍പതു പൈസ വിലയ്ക്ക് വിറ്റ ഇഷ്ടികയ്ക്ക് എട്ടു രൂപ വരെയെത്തിയെങ്കിലും വര്‍ദ്ധിച്ച ചിലവ് ഈ മേഖലയെ നഷ്ടത്തിലേക്ക് കൂപ്പു കുത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: