വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡ് 183 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ ഒന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തിട്ടുണ്ട്. 57 റണ്‍സുമായി ഉസ്മാന്‍ കവാജയും 7 റണ്‍സുമായി ആഡം വോഗ്‌സും ക്രീസില്‍. ഏഴ് വിക്കറ്റ് ശേഷിക്കേ 36 റണ്‍സ് മാത്രം പിന്നിലാണ് ഓസീസ്.
അതേസമയം തന്റെ നൂറാം ടെസ്റ്റ് കളിക്കാനിറങ്ങിയ ന്യൂസിലാന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം റണ്ണൊന്നുമെടുക്കാതെ പുറത്തായി. ആദ്യം ദിനം ബാറ്റ് ചെയ്ത കിവീസിനായി അഞ്ചാമനായി ക്രീസിലെത്തിയ മക്കല്ലം ഏഴ് പന്തുകള്‍ നേരിട്ടു. പേസര്‍ ജോഷ് ഹേസില്‍വുഡിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ പിടിച്ചാണ് മക്കല്ലം മടങ്ങിയത്.
മക്കല്ലത്തെ സംബന്ധിച്ച് നിരവധി പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു മത്സരം. ന്യൂസിലാന്‍ഡ് നായകന്റെ തുടര്‍ച്ചയായ നൂറാം ടെസ്റ്റാണിത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരുതാരം തുടര്‍ച്ചയായി നൂറു മത്സരം കളിക്കുന്നത്.
നേരത്തെ ടോസ് നേടിയ ഓസിസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് കിവികളെ ബാറ്റിങ്ങിനയച്ചു. ഹേസില്‍വുഡിന്റെയും പീറ്റര്‍ സിഡിലിന്റെയും പന്തുകള്‍ക്ക് മുന്നില്‍ ന്യൂസിലാന്‍ഡ് മുന്‍നിര തകര്‍ന്നു. ഒരുഘട്ടത്തില്‍ 7ന് 97 എന്ന നിലയില്‍ നിന്ന് സ്‌കോര്‍ 183-ല്‍ എത്തിച്ചത് പുറത്താകാതെ 41 റണ്‍സെടുത്ത മാര്‍ക് ക്രെയ്ഗിന്റെയും 24 റണ്‍സെടുത്ത ട്രെന്റ് ബൗള്‍ട്ടിന്റെയും ബാറ്റിങ്ങിന്റെ കരുത്തിലാണ്.
ക്രെയ്ഗാണ് കിവി നിരയിലെ ടോപ് സ്‌കോറര്‍. കോറി ആന്‍ഡേഴ്‌സണ്‍ 38 റണ്‍സുമെടുത്തു. ഗുപ്റ്റില്‍ (18), കെയ്ന്‍ വില്ല്യംസണ്‍ (16), വാറ്റ്‌ലിങ് (17) എന്നിങ്ങനെയാണ് മറ്റ് പ്രധാന താരങ്ങളുടെ സ്‌കോറര്‍. ഓസീസിന് വേണ്ടി ഹേസില്‍വുഡ് നാലും സിഡിലും ലിയോണും മൂന്നും വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ വന്‍ തകര്‍ച്ചയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സായപ്പോഴേക്കും രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന ജോ ബേണ്‍സിനെയും അഞ്ച് റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെയും ടിം സൗത്തി വിക്കറ്റ് കീപ്പര്‍ വാറ്റ്‌ലിങിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കവാജയും സ്മിത്തും ചേര്‍ന്ന് നേടിയ 125 റണ്‍സാണ് തകര്‍ച്ചയില്‍ നിന്ന് കംഗാരുക്കളെ കരകയറ്റിയത്. ഒടുവില്‍ സ്‌കോര്‍ 131 റണ്‍സിലെത്തിയപ്പോള്‍ 71 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മിത്തിനെ ക്രെയ്ഗ് സ്വന്തം ബൗളിങില്‍ പിടികൂടിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്.
















