കോഴിക്കോട്: അര്‍ജന്റീനിയന്‍ അണ്ടര്‍ 23 ടീമിനെ പരാജയപ്പെടുത്തി എഫ്‌സി നിപ്രോയുടെ കുതിപ്പ്. ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഉക്രെനിയന്‍ ടീമായ എഫ്‌സി നിപ്രോ അര്‍ജന്റീനിയന്‍ അണ്ടര്‍ 23 ടീമിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇഞ്ചുറി ടൈമിലാണ് നിപ്രോ രണ്ടു ഗോളുകളും നേടിയത്. ഇതോടെ നിപ്രോ നാഗ്ജി ഫുട്‌ബോളിന്റെ സെമിയില്‍ കടന്നു. രണ്ട് കളികളും തോറ്റ അര്‍ജന്റീന അണ്ടര്‍ 23 ടീം സെമിയില്‍ കടക്കാനുള്ള സാധ്യത മങ്ങി.
കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമുകളുടെയും ഗോള്‍മുഖത്തേക്ക് പന്ത് പാഞ്ഞെങ്കിലും താരങ്ങള്‍ക്ക് വല ചലിപ്പിക്കാനായില്ല. ആദ്യ പകുതിയില്‍ നിപ്രോ താരങ്ങളുടെ മുന്നേറ്റം ഒരു പരിധിവരെ തടയാനായ അര്‍ജന്റീനിയന്‍ താരങ്ങള്‍ക്ക് രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് കാലിടറിയത്. കളിയുടെ അധികസമയമായ 91-ാം മിനിറ്റില്‍ യൂറി വകുല്‍ക്കോ, 94-ാം മിനിറ്റില്‍ വിറ്റലി കിരിയേവ് എന്നിവരാണ് നിപ്രോക്ക് വേണ്ടി ഗോള്‍ നേടിയത്.
കളിക്കിടെ പലവട്ടം ഇരുടീമുകളും എറ്റുമുട്ടിയപ്പോള്‍ അഞ്ചുതവണ മഞ്ഞക്കാര്‍ഡ് റഫറി സി.ആര്‍. ശ്രീകൃഷ്ണക്ക് പുറത്തെടുക്കേണ്ടിവന്നു.
മൗറോ ഓട്ടീസിനെ കേന്ദ്രീകരിച്ച് അര്‍ജന്റീന പലവട്ടം നിപ്രോയുടെ ബോക്‌സിലേക്ക് കുതിച്ചെങ്കിലും പ്രതിരോധം ഭേദിക്കാനായില്ല. 21-ാം മിനിറ്റില്‍ ഇടതുവിങില്‍ റോഡിഗ്രോ ഇസോ നല്‍കിയ ക്രോസ് ബോക്‌സിനുള്ളില്‍ പെഡ്രോ സോസാ തകര്‍പ്പന്‍ സീസര്‍കട്ടിലൂടെ നിപ്രോയുടെ പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും പുറത്തേക്ക് പോയി.
ഫിനിഷിങ്ങിലെ പോരായ്‌മയാണ് അര്‍ജന്റീനയ്‌ക്ക് പലപ്പോഴും വിനയായത്. പലവട്ടം നിപ്രോയുടെ ബോക്‌സിനടുത്ത് വരെ എത്തിയെങ്കിലും ഗോള്‍ നേടാനായില്ല.
ഇന്ന് നടക്കുന്ന മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ റുമേനിയന്‍ ടീമായ എഫ്‌സി ബുകാറസ്റ്റ് ബ്രസീലിയന്‍ ടീമായ അത്‌ലറ്റിക്കോ പരാനെസിനെ നേരിടും.
















