കേരള സംസ്ഥാനത്ത് വിവിധ മേഖലകളില്‍ സേവനമനുഷ്ഠിത്തുന്നവരെയും ജാതി-മത-രാഷ്‌ട്രീയ വ്യത്യാസമില്ലാതെ അറിയപ്പെടുന്ന വ്യക്തികളെ സമ്പര്‍ക്കം നടത്തി സംഘസന്ദേശമെത്തിക്കുക എന്നതിന്റെ ഭാഗമായി ഈ കഴിഞ്ഞ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംഘത്തിന്റെ കേരള സംസ്ഥാന കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്ററും ബിജെപി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി.ജിതേന്ദ്രനും കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ.റസാഖ്, സെക്രട്ടറി എന്‍.സി.അബൂബക്കര്‍ എന്നിവരെ സമ്പര്‍ക്കം ചെയ്തത് മഹാ അപരാധമായും വലിയൊരു രാഷ്‌ട്രീയ ഗൂഡാലോചനയായും ദേശാഭിമാനി കൊട്ടിഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ പത്രത്തില്‍ ഫോട്ടോ സഹിതവും ഫെബ്രുവരി 10 ബുധനാഴ്ച എഡിറ്റോറിയല്‍ കോളം നിറച്ചതും നവകേരള മാര്‍ച്ചില്‍ സാക്ഷാല്‍ പിണറായി ഏറ്റുപിടിച്ച് പ്രസ്താവനയിറക്കിയതും കാണുമ്പോള്‍ കുരുടന്‍മാര്‍ ആനയെ കാണാന്‍ പോയ അനുഭവം പോലെയാണ് ഇവര്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ കാണുന്നതെന്ന് മനസ്സിലാകും.
രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ വളര്‍ച്ച കേവലം ഗണേശോത്സവത്തിലൂടെയോ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിലൂടെയോ പഥസഞ്ചലനം നടത്തുന്നതിലൂടെയോ ഏതെങ്കിലും ക്ഷേത്രഭരണം നടത്തിയോ ആണെന്ന മൂഡവിശ്വാസത്താല്‍ അതൊക്കെ ഏറ്റെടുത്ത് നടത്തിയിട്ടും പുതിയ തലമുറയില്‍പ്പെട്ട യുവജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കാതെ പഴഞ്ചന്‍ മുദ്രാവാക്യം മുഴക്കി കഥമെനയുകയാണ് ദേശാഭിമാനിയും കൊച്ചുസഖാക്കളും. ഇത്തരം വാര്‍ത്ത പ്രസിദ്ധികരിക്കുന്നതിലൂടെ പത്രധര്‍മ്മം നിറവേറുകയാണെന്ന് ദേശാഭിമാനിയുടെ ഭാഷ്യം.
മുസ്ലീം സമൂഹത്തിന്റെ സംഘത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുകയെന്ന പ്രവര്‍ത്തനം നടത്തിയ ഗോപാലന്‍കുട്ടി മാസ്റ്ററുടെ സംഘത്തിന്റെ ചുമതലപോലും അറിയാത്ത കൂപമണ്ഡൂപമാണോ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ കോളം കൈകാര്യം ചെയ്യുന്നവര്‍ എന്നത് ആ പത്രം എത്രമാത്രം ഗതകേടിലാണെന്ന് തിരിച്ചറിയാന്‍ ഇടയാക്കുന്നു. ആര്‍എസ്എസ് കേരള പ്രാന്ത പ്രചാരക് പി.ആര്‍.ശശിധരനും പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്ററുമാണെന്ന ബോധമെങ്കിലും ഈ കൂലിയെഴുത്ത് സംഘത്തിന് വേണ്ടതായിരുന്നു. എന്നിട്ടു പോരേ നാഴികക്ക് നാല്‍പ്പതു വട്ടം സംഘത്തിനും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുമെതിരെയുള്ള അച്ചുനിരത്തല്‍
കെ.വി.ജയരാജന്‍ മാസ്റ്റര്‍, കണ്ണൂര്‍
















