ഗുവാഹത്തി: പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഉജ്ജ്വല തുടക്കം. ഇന്നലെ നടന്ന 10 ഫൈനലുകളില്‍ അഞ്ച് സ്വര്‍ണ്ണം ഇന്ത്യ സ്വന്തമാക്കി. അതേസമയം ദക്ഷിണേഷ്യയിലെ ഏറ്റവും വേഗതയേറിയ താരങ്ങള്‍ ശ്രീലങ്കക്കാരാണ്.
വനിതകളുടെ ലോങ്ജമ്പില്‍ മലയാളിതാരം മയൂഖ ജോണി റെക്കോഡോടെ സ്വര്‍ണം നേടി. 6.43 മീറ്റര്‍ ചാടിയാണ് മയൂഖ റെക്കോര്‍ഡോടെ പൊന്നണിഞ്ഞത്. 2006 കൊളംബോ മീറ്റില്‍ അഞ്ജു ബോബി ജോര്‍ജ് സ്ഥാപിച്ച 6.42 മീറ്ററിന്റെ റെക്കോര്‍ഡാണ് മയൂഖ ഇന്നലെ തിരുത്തിക്കുറിച്ചത്. തന്റെ അവസാന ശ്രമത്തിലാണ് മയൂഖ 6.43 മീറ്റര്‍ ദൂരം പിന്നിട്ടത്. 6.19 മീറ്റര്‍ ചാടിയ ശ്രദ്ധ ഖുലെ വെള്ളിയും നേടി.
വെങ്കലം 5.89 മീറ്റര്‍ ചാടിയ ശ്രീലങ്കയുടെ എസ്.എല്‍.എസ്. സില്‍വക്ക്.
പുരുഷന്മാരുടെ ഹാമര്‍ത്രോയില്‍ നീരജ് കുമാര്‍ ഇന്ത്യക്കായി പൊന്നണിഞ്ഞു. തന്റെ അവസാന ശ്രമത്തില്‍ 66.14 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണ്ണം നേടിയത്. പാക്കിസ്ഥാന്റെ ഷക്കീല്‍ അഹമ്മദ് 63.67 മീറ്റര്‍ എറിഞ്ഞ് വെള്ളിയും ശ്രീലങ്കയുടെ പി. അലന്‍സന്‍ വെങ്കലവും നേടി.
വനിതകളുടെ ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണവും വെള്ളിയും ഇന്ത്യക്ക്. 17.94 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് എറിഞ്ഞ് മന്‍പ്രീത്കൗര്‍ സീനിയര്‍ പൊന്നണിഞ്ഞപ്പോള്‍ 15.94 മീറ്റര്‍ എറിഞ്ഞ് മന്‍പ്രീത് കൗര്‍ ജൂനിയര്‍ വെള്ളി നേടി. ശ്രീലങ്കക്ക് വെങ്കലം. ഇരുവരും നിലവിലെ റെക്കോര്‍ഡ് മറികടന്നു. 1999-ല്‍ കാഠ്മണ്ഡുവില്‍ ഇന്ത്യയുടെ തന്നെ സുനിന്ദര്‍ജീത് കൗര്‍ സ്ഥാപിച്ച 15.52 മീറ്ററിന്റെ റെക്കോര്‍ഡാണ് ഒന്നരദശാബ്ദത്തിനുശേഷം പഴങ്കഥയായത്. തന്റെ ആറാമത്തെ ശ്രമത്തിലാണ് മന്‍പ്രീത് കൗര്‍ സീനിയര്‍ സ്വര്‍ണത്തിലേക്ക് ഷോട്ടെറിഞ്ഞത്.
ട്രാക്കിലെ ആവേശപ്പോരിന് തുടക്കമിട്ടു നടന്ന വനിതകളുടെ 800 മീറ്ററില്‍ ശ്രീലങ്കയുടെ കുതിപ്പ്. ട്രാക്കിലെ ആദ്യ സ്വര്‍ണവും വെള്ളിയും ലങ്കന്‍ വനിതകള്‍ ഓടിയെടുത്തപ്പോള്‍ ഇന്ത്യക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2:09.40 സെക്കന്റില്‍ സ്വര്‍ണ്ണവും അവരുടെ തന്നെ അഭേയ്‌രത്‌നെ 2:09.64 സെക്കന്റില്‍ വെള്ളിയും നേടിയപ്പോള്‍ ഇന്ത്യയുടെ എം. ഗോമതി 2:10.99 സെക്കന്റില്‍ വെങ്കലം കരസ്ഥമാക്കി. ആദ്യ 700 മീറ്ററില്‍ പിന്നിട്ടു നിന്ന ശേഷം അവസാന ലാപ്പിലായിരുന്നു ശ്രീലങ്കന്‍ താരങ്ങളുടെ മെഡല്‍ കുതിപ്പ്.
പുരുഷ-വനിതാ 5000 മീറ്ററില്‍ റെക്കോര്‍ഡോടെ ഇന്ത്യ സ്വര്‍ണ്ണമടിച്ചെടുത്തു. ഈയിനത്തില്‍ വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ക്ക്.
പുരുഷ വിഭാഗത്തില്‍ മാന്‍ സിങ് 14.02.04സെക്കന്റില്‍ ഓടിയെത്തിയാണ് പുതിയ റെക്കോര്‍ഡോടെ പൊന്നണിഞ്ഞത്. 2006-ല്‍ കൊളംബോയില്‍ ഇന്ത്യയുടെ തന്നെ രാജേന്ദ്ര ബഹാദൂര്‍ സ്ഥാപിച്ച സ്ഥാപിച്ച 14.02.43 സെക്കന്റ് മീറ്റ് റെക്കോര്‍ഡാണ് മാന്‍സിങ് പഴങ്കഥയാക്കിയത്. സുരേഷ്‌കുമാര്‍ 14.02.70 സെക്കന്ററില്‍ ഓടിയെത്തിയാണ് വെള്ളി നേടിയത്.
നേപ്പാളിന്റെ റിമല്‍ ഹരികുമാര്‍ 14.32.18 സെക്കന്റ് സമയത്തില്‍ ഓടിയെത്തി വെങ്കലം നേടി.
വനിതാ വിഭാഗത്തില്‍ എല്‍. സൂര്യ 15.45.75 സെക്കന്റില്‍ ഓടിയെത്തിയാണ് പുതിയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ഇന്ത്യയുടെ തന്നെ സ്വാതി ഘദാവേക്കാണ് വെള്ളി. 1999-ല്‍ കാഠ്മണ്ഡുവില്‍ ഇന്ത്യയുടെ സുനിത റാണി സ്ഥാപിച്ച 15.56.46 സെക്കന്റ് സമയമാണ് സൂര്യ തിരുത്തിയത്. ഈയിനത്തില്‍ സൂര്യയും സ്വാതിയും തമ്മിലായിരുന്നു പ്രധാന മത്സരം. ഇഞ്ചോടിഞ്ച് പൊരുതിയോടിയ ഇരുവരും ഒടുവില്‍ സ്വര്‍ണവും വെള്ളിയും പങ്കിട്ടു. വെള്ളി നേടിയ സ്വാതി 16.14.57 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്നു. ശ്രീലങ്കയുടെ യു.കെ.എന്‍ രത്‌നായികയ്‌ക്കാണ് വെങ്കലം.
പുരുഷന്മാരുടെ ഹൈജമ്പില്‍ സ്‌കൂള്‍ കായികമേളയിലെ സുവര്‍ണ്ണ കുമാരന്‍ ഇന്ത്യയുടെ തേജസ്വിന്‍ ശങ്കര്‍ വെള്ളി നേടി. സ്വര്‍ണ്ണം നേടിയ ശ്രീലങ്കന്‍ താരത്തിനൊപ്പം 2.17 മീറ്റര്‍ ഉയരം തേജസ്വിനും പിന്നിട്ടെങ്കിലും ഈ ഉയരം മറികടക്കാനുള്ള ശ്രമത്തില്‍ ഒരുവസരം നഷ്ടപ്പെടുത്തിയതാണ് തേജസ്വിന് തിരിച്ചടിയായത്. ശ്രീലങ്കയുടെ മഞ്ജുളകുമാര സ്വര്‍ണ്ണം നേടിയപ്പോള്‍ 2.08 മീറ്റര്‍ ഉയരം കീഴടക്കിയ ഇന്ത്യയുടെ തന്നെ അജയകുമാറിനാണ് വെങ്കലം.
















