ഗുവാഹത്തി: പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യ എതിരാളികളില്ലാതെ കുതിക്കുന്നു. നാല് ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 78 സ്വര്‍ണ്ണമാണ് ഇന്ത്യ അക്കൗണ്ടില്‍ ചേര്‍ത്തത്. അകമ്പടിയായി 36 വെള്ളിയും 10 വെങ്കലവും. ഇതോടെ ഇന്ത്യയുടെ ആകെ സമ്പാദ്യം 124 മെഡലുകളായി. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് 17 സ്വര്‍ണ്ണവും 37 വെള്ളിയും 33 വെങ്കലവുമടക്കം 87 മെഡലുകളാണുള്ളത്. 5 സ്വര്‍ണ്ണവും 12 വെള്ളിയും 20 വെങ്കലവുമടക്കം 37 മെഡലുകളുമായി പാക്കിസ്ഥാന്‍ മൂന്നാമത്.
കഴിഞ്ഞ ദിവസങ്ങളിലെന്നപോലെ വെയ്റ്റ്‌ലിഫ്റ്റിങിലും നീന്തലിലും അമ്പെയ്‌ത്തിലും നടത്തിയ മികച്ച പ്രകടനമാണ് സ്വര്‍ണ്ണവേട്ടക്ക് ഇന്നലെയും കരുത്തേകിയത്. അത്‌ലറ്റിക്‌സിലും ഗംഭീര പ്രകടനമാണ് നടത്തിയത്.
ഇവ കൂടാതെ പുരുഷ-വനിതാ വോളിബോളിലും വുഷുവില്‍ ചിരാഗ് ശര്‍മ്മയും സൈക്ലിങ്ങില്‍ വനിതകളുടെ 80 കി.മീറ്റര്‍ റോഡ് റെയ്‌സില്‍ ടി. വിജയലക്ഷ്മിയും സ്വര്‍ണ്ണം നേടി. സൈക്ലിങ്ങില്‍ മലയാളി താരം ലിഡിയ മോള്‍ വെള്ളിയും ഗീതു രാജ്. എന്‍ വെങ്കലവും നേടി. പുരുഷന്മാരുടെ 100 കി.മീറ്റര്‍ റോഡ് റെയ്‌സില്‍ ശ്രീലങ്ക സ്വര്‍ണ്ണം നേടിയപ്പോള്‍ ഇന്ത്യയുടെ കുമാര്‍ പങ്കജ് വെള്ളി കരസ്ഥമാക്കി. അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ നേട്ടം സമ്പൂര്‍ണ്ണമായിരുന്നു. റിക്കര്‍വ് മിക്‌സഡ് ടീം ഇനത്തില്‍ തരുണ്‍ദീപ് റായ്, ദീപിക കുമാരി, പുരുഷന്മാരുടെ റിക്കര്‍വ് ടീം ഇനത്തില്‍ തരുണ്‍ദീപ് റായ്, ഗുരുചരണ്‍ ബെസ്‌റ, ജയന്ത താലൂക്ക്ദാര്‍, വനിതാ ടീം ഇനത്തില്‍ ദീപിക കുമാരി, ലെയ്ഷറാം ബോംബെയ്‌ലാ ദേവി, ലക്ഷ്മിറാണി മാജി എന്നിവരും പുരുഷന്മാരുടെ റിക്കര്‍വ് വ്യക്തിഗത ഇനത്തില്‍ തരുണ്‍ദീപ് റായ്, വനിതാ വ്യക്തിഗത വിഭാഗത്തില്‍ ദീപികാകുമാരി എന്നിവരും ഇന്നലെ ഇന്ത്യക്കായി പൊന്നണിഞ്ഞു. അമ്പെയ്‌ത്തില്‍ എതിരാളികളില്ലാതെയാണ് ഇന്ത്യ സമ്പൂര്‍ണ്ണ സ്വര്‍ണ്ണക്കൊയ്‌ത്ത് നടത്തിയത്. ഈവിഭാഗത്തിലെ 10 സ്വര്‍ണ്ണവും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. പുരുഷ-വനിതാ ഖൊ ഖോ സ്വര്‍ണ്ണവും ഇന്ത്യ നേടി.
വനിതാ ഫുട്‌ബോളിലും ഇന്ത്യ ഇന്നലെ വിജയിച്ചു. ശ്രീലങ്കയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. രണ്ട് മത്സരങ്ങള്‍ കളിച്ച ഇന്ത്യ വിജയമാണ് ഇന്നലെ സ്വന്തമാക്കിയത്.
















