കോഴിക്കോട്: നാഗ്ജി കപ്പ് ടൂര്‍ണ്ണമെന്റിന്റെ നാലാം ദിവസത്തെ മത്സരത്തില്‍ ഷംറോക്ക് റോവേഴ്‌സ് എഫ്‌സിക്കെതിരെ എഫ്‌സി ഡനിപ്രോക്കിന് ജയം. ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് അയര്‍ലണ്ട് ടീമായ ഷംറോക്ക് റോവേഴ്‌സ് എഫ്‌സിയെ ഉക്രെനിയന്‍ ടീമായ എഫ്‌സി നിപ്രോ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്.
കളിയുടെ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച എഫ്‌സി നിപ്രോക്ക് ആദ്യ ഗോള്‍ നേടുന്നതിനായി 33-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. വഌഡിസ്ലേവ് കൊച്ചേര്‍ജിനാണ് ഡനിപ്രോക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഡെന്നിസ് ബാലനിക്ക് നല്‍കിയ പാസ് വ്‌ലാഡിസ്ലേവ് കൊച്ചേര്‍ജിന്‍ വലയിലാക്കിയപ്പോള്‍ ഷംറോക്ക് റോവേഴ്‌സ് ഗോളി ക്രെയ്ഗ് ഹൈലാന്റിന് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. പകരക്കാരനായെത്തിയ വിറ്റാലി കിരിയേവ് കളിയുടെ എഴുപത്തഞ്ചാം മിനുറ്റില്‍ ഡനിപ്രോക്കുവേണ്ടി രണ്ടാം ഗോളും നേടി.
കളിയുടെ ഏഴാം മിനിറ്റില്‍ ഡെന്നിസ് ബാലനിക്ക് മുന്നേറ്റം നടത്തി ഗോള്‍ പോസ്റ്റിന് സമീപമെത്തിയെങ്കിലും പന്ത് പുറത്തേക്കാണ് അടിച്ചിട്ടത്. പന്ത്രണ്ടാം മിനിറ്റില്‍ ഡെന്നിസ് ബാലനിക്കും പതിനാറാം മിനിറ്റില്‍ വ്‌ലാഡിസ്ലേവ് കൊച്ചേര്‍ജിനും ഇരുപത്തിയാറാം മിനിറ്റില്‍ ഡെന്നിസ് ബാലനിക്കും വ്‌ലാഡിസ്ലേവ് കൊച്ചേര്‍ജിനും ചേര്‍ന്നും മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോളാക്കി മാറ്റാനായില്ല. പന്ത് അധികസമയവും ഡനിപ്രോ താരങ്ങളുടെ പരിധിയിലായിരുന്നു. ഗോള്‍ തിരിച്ചടിക്കാന്‍ ഷംറോക്ക് റോവേഴ്‌സ് താരങ്ങള്‍ നടത്തിയ മുന്നേറ്റങ്ങളെല്ലാം ഡനിപ്രോ താരങ്ങള്‍ തടയുകയായിരുന്നു.
രണ്ടാംറൗണ്ട് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഇന്ന് രാത്രി ഏഴിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലീഷ് ടീം വാട്ട്‌ഫോഡ് എഫ്‌സി റൊമാനിയന്‍ ടീമായ റാപ്പിഡ് ബുക്കാറെസ്റ്റിയെ നേരിടും. ആദ്യ റൗണ്ടില്‍ തോല്‍വി വഴങ്ങിയ വാട്ട്‌ഫോഡ് സമ്മര്‍ദ്ദത്തിലാണ് ഇന്ന് കളിക്കാനിറങ്ങുന്നത്. ആദ്യമത്സരത്തില്‍ ഉക്രെയിന്‍ ടീമായ എഫ്‌സി വോളിന്‍ ലുട്‌സ്‌ക്കുമായി ഏറ്റുമുട്ടി സമനില വഴങ്ങിയാണ് റാപ്പിഡ് ബുക്കാറെസ്റ്റ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.
















