പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യയുടെ വിക്ടര്‍ അഭിലാഷ് ക്രിസ്റ്റഫര്‍ വെള്ളിയും വെങ്കലവും നേടിയവര്‍ക്കൊപ്പം
ഗുവാഹത്തി: സാഫ് ഗെയിംസിലെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട. ആദ്യ രണ്ട് ദിവസങ്ങളില്‍ 7 സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ താരങ്ങള്‍ ഇന്നലെയും മികച്ച പ്രകടനം നടത്തി. പുരുഷന്മാരുടെ 85 കി.ഗ്രാം വിഭാഗത്തില്‍ വികാസ് താക്കൂറും 94 കി.ഗ്രാം വിഭാഗത്തില്‍ പ്രദീപ് സിംഗും 105 കി.ഗ്രാമില്‍ വിക്ടര്‍ അഭിലാഷ് ക്രിസ്റ്റഫറും വനിതകളുടെ 75 കി.ഗ്രാമില്‍ കവിത ദേവിയും ഇന്ത്യക്കായി പൊന്നണിഞ്ഞു. ഇതോടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സ്വര്‍ണ്ണനേട്ടം 9 ആയി.
കവിതാ ദേവി സ്‌നാച്ചില്‍ 92ഉം ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 118ഉം കിലോഗ്രാം ഉയര്‍ത്തിയാണ് സ്വര്‍ണ്ണം നേടിയത്. ഇരുവിഭാഗങ്ങളിലുമായി 210 കി.ഗ്രമാണ് കവിതദേവി ഉയര്‍ത്തിയത്. ശ്രീലങ്കയുടെ അഷിനി സുരാംഗി വിക്രമസിംഗെ ഇരുവിഭാഗങ്ങളിലുമായി 160 കി.ഗ്രാം ഉയര്‍ത്തി വെള്ളിയും ബംഗ്ലാദേശിന്റെ ഫിറോഗ പര്‍വീണ്‍ 149 കി.ഗ്രാം ഉയര്‍ത്തി വെങ്കലവും നേടി.
പുരുഷന്മാരുടെ 85 കി.ഗ്രാം വിഭാഗത്തില്‍ സ്‌നാച്ചിലും ക്ലീന്‍ ആന്റ് ജര്‍ക്കിലുമായി 310 കി.ഗ്രാം ഉയര്‍ത്തിയാണ് വികാസ് താക്കൂര്‍ സ്വര്‍ണ്ണമണിഞ്ഞത്. ക്ലീനില്‍ 140ഉം ജര്‍ക്കില്‍ 160ഉം കി.ഗ്രാമാണ് വികാസ് ഉയര്‍ത്തിയത്. പാക്കിസ്ഥാന്റെ മുഹമ്മദ് താഹിര്‍ 278 കി.ഗ്രാം ഉയര്‍ത്തി വെള്ളിയും ശ്രീലങ്കയുടെ രൊമേഷ് രക്ഷിത സമരശേഖര 265 കി.ഗ്രാം ഉയര്‍ത്തി വെങ്കലവും സ്വന്തമാക്കി.
പുരുഷന്മാരുടെ 94 കി.ഗ്രാമില്‍ സ്‌നാച്ചിലും ജര്‍ക്കിലുമായി 331 കി.ഗ്രാം ഉയര്‍ത്തിയാണ് പ്രദീപ്കുമാര്‍ സുവര്‍ണ്ണതാരമായത്. സ്‌നാച്ചില്‍ 145ഉം ജര്‍ക്കില്‍ 186ഉം കി.ഗ്രാമാണ് പ്രദീപ് ഉയര്‍ത്തിയത്. പാക്കിസ്ഥാന്റെ ഉസ്മാന്‍ അംജദ് റാത്തോഡ് വെള്ളിയും ശ്രീലങ്കയുടെ കരുണരത്‌നെ ചന്ദ്രതിലകെ വെള്ളിയും നേടി.
105 കി.ഗ്രാം വിഭാഗത്തില്‍ 317 കിലോ ഉയര്‍ത്തിയാണ് വിക്ടര്‍ അഭിലാഷ് ഇന്ത്യക്കായി പൊന്നണിഞ്ഞത്. സ്‌നാച്ചില്‍ 132ഉം ജര്‍ക്കില്‍ 182 കി.ഗ്രാമാണ് വിക്ടര്‍ ഉയര്‍ത്തിയ ഭാരം. ശ്രീലങ്കയുടെ സനക മധുസനക വെള്ളിയും പാക്കിസ്ഥാന്റെ അസ്ഹര്‍മീര്‍ വെങ്കലവും സ്വന്തമാക്കി.
















