ഗുവാഹത്തി: ഓളപ്പരമ്പിലെ ഇന്ത്യന്‍ ഫെല്‍പ്സ് എന്നറിയപ്പെടുന്ന മലയാളി താരം സാജന് പ്രകാശിന് ആദ്യ അന്താരാഷ്ട്ര മെഡല്‍. സാഫ് ഗെയിംസിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് പുരുഷന്മാരുടെ 1500 മീറ്ററിലാണ് ഇടുക്കി സ്വദേശിയായ സാജന് പൊന്നണിഞ്ഞത്. 15:55.3 സെക്കന്റില്‍ പുതിയ ഗെയിംസ് റെക്കോര്‍ഡോടെയാണ് സാജന് തന്റെ ആദ്യ രാജ്യന്തര മെഡല്‍ സ്വന്തമാക്കിയത്. സാജന്റെ ആറാമത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റാണിത്.
ഈ ഇനത്തില്‍ 16:13.2 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഇന്ത്യയുടെ തന്നെ സൗരവ് സാംഗ്വേക്കര് വെള്ളി നേടി. 17:12.0 സെക്കന്റില്‍ നീന്തിയെത്തിയ ബംഗ്ലാദേശിന്റെ മുഹമ്മദ് മഹ്ഫിസുര് റഹ്മാന് വെങ്കലം കഴുത്തിലണിഞ്ഞു. സൗരവിന്റെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ദിവസം 200 മീറ്റര്‍ ഫ്രീസ്റ്റെലിലും സൗരവ് വെള്ളി നേടിയിരുന്നു.
200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും 1500 മീറ്റര്‍ ഫ്രീസ്റ്റൈലിലും ദേശീയ റെക്കോര്ഡുകാരന് കൂടിയാണ് സാജന് പ്രകാശ്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ ആറ് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നേടി മികച്ച പുരുഷതാരമായി സാജന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2013ല്‍ നടന്ന ദേശീയ അക്വാറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 3 സ്വര്‍ണ്ണവും രണ്ട് വെള്ളിയും നേടി. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് എന്ന ഗ്രാമത്തില്‍ 1993 സെപ്തംബര്‍ 14ലാണ് സാജന്റെ. അന്തര്‍ദേശീയ അത്ലറ്റിക് താരമായിരുന്ന ഷാന്റിമോളാണ് സാജന്റെ അമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: