കണ്ണൂര്‍: തലശ്ശേരിയിലെ ഫസല്‍ വധക്കേസില്‍ പ്രതിയായി നാടുകടത്തപ്പെട്ട കാരായി രാജന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തു നിന്നുളള രാജി അംഗീകരിച്ചത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍മാര്‍ക്കിടയിലുടലെടുത്ത കടുത്ത അഭിപ്രായ ഭിന്നതക്കൊടുവിലെന്ന് സൂചന. കോടതിവിധി പോലും എതിരായ അവസ്ഥയില്‍ കാരായിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരുവിഭാഗം ശക്തമായി വാദിച്ചപ്പോള്‍ മറ്റൊരു വിഭാഗം കാരായി തല്‍സ്ഥാനത്ത് തുടരട്ടെയെന്നും നിയമപോരാട്ടം തുടരണമെന്നും കഴിഞ്ഞ ദിവസം തീരുമാനമെടുക്കാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം കാരായിയെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്ന ഒരു വിഭാഗത്തിന്റെ പിടിവാശിക്കു മുമ്പില്‍ രാജിവെക്കാനെടുത്ത തീരുമാനം സിപിഎം കണ്ണൂര്‍ ലോബിയിലെ ഉന്നത നേതാക്കള്‍ക്കേറ്റ കനത്ത തിരിച്ചടിയായി മാറി.
കാരായിമാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും ഇവരെ മത്സരിപ്പിക്കുന്നതിനെച്ചൊല്ലി ശക്തമായ അഭിപ്രായ വ്യത്യാസമുയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാനതലത്തില്‍ ശക്തരായ കണ്ണൂര്‍ ലോബിയില്‍പ്പെട്ട ഉന്നത പാര്‍ട്ടിനേതാക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കാരായി രാജനെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറായി നിന്ന ജില്ലയിലെ ഉന്നത നേതാവ് കാരായിയെ മത്സരിപ്പിക്കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച് മത്സരത്തില്‍ നിന്നും പിന്മാറിയ സംഭവം വരെയുണ്ടായി.
മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജില്ലാ സെക്രട്ടറിയുടെ പിടിവാശിയാണ് കാരായിമാരെ മത്സരിപ്പിക്കുന്നതിന് വഴിതെളിയിച്ചിരുന്നത്. ജയരാജന്റെ അഭിപ്രായം കണ്ണൂര്‍ ലോബിയിലെ മറ്റ് നേതാക്കള്‍ അനുകൂലിക്കുകയും കാരായിമാര്‍ക്ക് മത്സരിക്കാന്‍ പാര്‍ട്ടി അനുവാദം നല്‍കുകയുമായിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനത്തില്‍ ജില്ലയിലേയും സംസ്ഥാനത്തേയും ഒരുവിഭാഗം മിതവാദികളായ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇപ്പോള്‍ ഹൈക്കോടതി പോലും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ തയ്യാറാവാഞ്ഞതോടെ തങ്ങളുടെ ആദ്യംതൊട്ടുളള അഭിപ്രായം ശരിയാണെന്ന് തെളിഞ്ഞില്ലേ എന്ന് ചില നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടതായും അറിയുന്നു. സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ച് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയത് ചില തീവ്ര നിലപാടുകളുള്ള നേതാക്കളാണെന്ന അഭിപ്രായം പരസ്യമായിത്തന്നെ ചില നേതാക്കള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ അഭിപ്രായപ്പെട്ടതായും സൂചനയുണ്ട്. കാരായിമാര്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് മൂന്ന് മാസമായിട്ടും ഭരണകാര്യങ്ങളില്‍ കാരായിമാര്‍ക്ക് ഇടപെടാന്‍ സാധിക്കാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന അഭിപ്രായവും പാര്‍ട്ടിക്കകത്ത് ശക്തമാണ്. ഈ അഭിപ്രായമാണ് എത്രയും പെട്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും കാരായിയെ മാറ്റാന്‍ പാര്‍ട്ടിയെക്കൊണ്ട് പ്രേരിപ്പിച്ചത്. ജില്ലാ പഞ്ചായത്തിലേയും തലശ്ശേരി നഗരസഭയിലേയും ഭരണസ്തംഭനത്തിനെതിരെ വിവിധ സംഘടനകളും പൊതുസമൂഹവും രംഗത്തെത്തിയതോടെ പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പിടിവാശി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാവുമെന്ന തിരിച്ചറിവും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. ഇക്കാര്യം രാജിവെയ്‌ക്കാനുളള തീരുമാനമെടുത്ത യോഗത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ടിനെ നിയമിക്കുന്നതിനെച്ചൊല്ലിയും പാര്‍ട്ടിക്കകത്ത് അഭിപ്രായഭിന്നത രൂപപ്പെട്ടിട്ടുണ്ട്. നിലവിലെ വൈസ് പ്രസിഡണ്ടിനെ പ്രസിഡണ്ടാക്കണമെന്ന് ഒരു വിഭാഗവും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ടായ ജില്ലാ പഞ്ചായത്തംഗത്തെ പ്രസിഡണ്ടാക്കണമെന്നുമുളള വാദങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
ജനാധിപത്യ വ്യവസ്ഥിതിയെ കൈയ്യൂക്കിന്റെ ബലത്തില്‍ ചൊല്‍പ്പടിയിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് നീതിപീഠത്തിന്റെ ശക്തമായ നിലപാടിലൂടെ പരാജയപ്പെട്ടത്. ക്രിമിനല്‍ രാഷ്‌ട്രീയത്തെ വെള്ളപൂശാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തിയത്. കാരായിമാര്‍ അവരുടെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാത്തിടത്തോളം അവര്‍ കുറ്റവാളികളാണെന്നിരിക്കെ ഇവരെ മത്സരിപ്പിച്ചത് തന്നെ അന്യായമാണ്. ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവു നല്‍കാതിരുന്നത് കാരായിമാര്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടിക്ക് എളുപ്പമാണ്. അതിലൂടെ അവര്‍ പറയുന്നത് പൊതുസമൂഹം മൊത്തം അംഗീകരിച്ചെന്നു വ്യാഖ്യാനിച്ച പാര്‍ട്ടിക്ക് ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്. കാരായി ചന്ദ്രശേഖരനും ഇതേ രീതിയില്‍ തലശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചൊഴിയണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ചുരുക്കത്തില്‍ കാരായിമാരെ മത്സരിപ്പിക്കുകയും വിജയിപ്പിക്കുകയും അധ്യക്ഷസ്ഥാനത്തിരുത്തുകയും ചെയ്ത പാര്‍ട്ടി സമൂഹമധ്യത്തില്‍ സ്വയം പരിഹാസ്യമായിരിക്കുകയാണ്.
















