തിരുവനന്തപുരം: പ്രായം തളര്‍ത്താത്ത ചുവടുമായി മുന്‍ എംഎല്‍എ എം.ജെ. ജേക്കബ് ഇത്തവണയും സമ്മാനം വാരിക്കൂട്ടാനായി ട്രാക്കില്‍. തിരുവനന്തപുരം ചന്ദ്രശേഖരന്‍ മൈതാനത്ത് നടക്കുന്ന 35 വയസിന് മുകളിലുള്ളവര്‍ക്കുള്ള മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് മീറ്റിലാണ് മുന്‍ എംഎല്‍എയായ എം.ജെ. ജേക്കബ് ട്രാക്കില്‍ ഇറങ്ങിയത്. 70-75 വയസ്സ് വിഭാഗത്തില്‍ എഴുപത്തിയൊന്നുകാരനായ ജേക്കബ് ലോങ്ജമ്പില്‍ രണ്ടാം സ്ഥാനവും 1500 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. 2015ലെ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് മീറ്റില്‍ മത്സരിച്ച മൂന്നു ഇനങ്ങള്‍ക്കും സ്വര്‍ണം ജേക്കബിന് തന്നെയായിരുന്നു.
1963-64 കാലഘട്ടത്തില്‍ കേരളത്തില്‍ ഒരു സര്‍വകലാശാല മാത്രമാണ് ഉള്ളത്. അന്ന് ജേക്കബ് ആലുവ യൂണിയന്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ പഠിക്കുകയായിരുന്നു. അന്നത്തെ സര്‍വകലാശാല മീറ്റില്‍ 400 മീറ്റര്‍ ഹഡില്‍സ്, 1500 മീറ്റര്‍ ഓട്ടം, ലോങ്ജമ്പ് തുടങ്ങിയ മൂന്ന് ഇനങ്ങളിലും റെക്കാഡുകള്‍ ജേക്കബ് കുറിച്ചിരുന്നു. ഇതില്‍ 400 മീറ്റര്‍ ഹഡില്‍സിലും 1500 മീറ്റര്‍ ഓട്ടത്തിന്റെ റെക്കാഡും 10 വര്‍ഷംവരെ ആരും ഭേദിച്ചില്ല. എംഎല്‍എയായ അത്‌ലറ്റെന്നാണ് പില്‍ക്കാലത്ത് തന്നെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു. കൃത്യമായ വ്യായാമവും അച്ചടക്കമുള്ള ഭക്ഷണ ശീലവുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് ജേക്കബ് പറയുന്നു.
2006 ല്‍ പിറവം നിയോജകമണ്ഡലത്തില്‍ ടി.എം. ജേക്കബിനെ അട്ടിമറിച്ച് എംഎല്‍എയായ എം.ജെ. ജേക്കബ് തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമായി. അവസാനമായി അനൂപ് ജേക്കബിനോടാണ് പരാജയപ്പെട്ടത്.
















