കോഴിക്കോട്: ജര്‍മ്മന്‍ താരങ്ങളുടെ തേരോട്ടം തടയാനാകാതെ മറഡോണയുടെയും മെസ്സിയുടെയും പിന്മുറക്കാര്‍. നാഗ്ജി ഇന്റനാഷണല്‍ ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാമത്തെ മത്സരത്തില്‍ ജര്‍മ്മനിയില്‍ നിന്നുള്ള ടിഎസ്‌വി 1860 മ്യൂണിക്ക് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന അണ്ടര്‍ 23 ടീമിനെ പരാജയപ്പെടുത്തി.
കളിയുടെ 16-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ജര്‍മ്മനി ആദ്യ ഗോള്‍ നേടിയത്. ജര്‍മ്മനിയുടെ ഫെലിക്‌സ് ബാഷ്മിഡിനെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് അര്‍ജന്റീന താരം ഗബ്രിയേല്‍ ബര്‍ബറി ഫൗള്‍ ചെയ്യുകയായിരുന്നു. ഫെലിക്‌സ് വെബര്‍ എടുത്ത പെനാല്‍റ്റി അര്‍ജന്റീന ഗോളി തട്ടിമാറ്റി. ഈ പന്ത് ഫെലിക്‌സ് ബാഷ്മിഡ് പോസ്റ്റിലേക്ക് അടിച്ചുകയറ്റി. കളിയുടെ 24-ാം മിനിറ്റില്‍ ജര്‍മ്മനിയുടെ രണ്ടാം ഗോള്‍ പിറന്നു.
26-ാം നമ്പര്‍ താരം സൈമണ്‍ സെഫ്രിംഗ്‌സ് ആണ് രണ്ടാം ഗോള്‍ നേടിയത്. പകരക്കാരനായി എത്തിയ ക്രിസ്റ്റ്യന്‍ കോപ്പല്‍ ആണ് കളിയുടെ 78-ാം മിനിറ്റില്‍ ജര്‍മ്മനിക്കായി മൂന്നാം ഗോള്‍ നേടിയത്.
ടൂര്‍ണ്ണമെന്റിന്റെ മൂന്നാം ദിവസമായ ഇന്ന് നടക്കുന്ന മത്സരത്തില്‍ റൊമേനിയന്‍ ടീമായ എഫ്.സി ബക്കറെസി ഉക്രൈന്‍ ടീമായ എഫ്.സി വോളിന്‍ലൂട്ടിനെ നേരിടും.
















