ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താര ലേലത്തില്‍ മലയാളി താരം സഞ്ജു വി. സാംസണിന് 4.2 കോടി രൂപ വില. ദല്‍ഹി ഡെയര്‍ഡെവിള്‍സാണ് ഇത്രയും തുക നല്‍കി സഞ്ജുവിനെ സ്വന്തമാക്കിയത്. അതേസമയം, ലേലത്തിലെ അപ്രതീക്ഷിത താരോദയം ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ താരം പവന്‍ നേഗി. വാശിയേറിയ ലേലത്തിനൊടുവില്‍ നേഗിയെ ദല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത് 8.5 കോടി രൂപയ്‌ക്ക്.
9.5 കോടി രൂപയ്‌ക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയ ഓസീസ് താരം ഷെയ്ന്‍ വാട്‌സന്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരമായി. സഞ്ജുവും വാട്‌സണും രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളായിരുന്നു.
ആഭ്യന്തര ലീഗിലെ മികച്ച പ്രകടനവും ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചതാണ് നേഗിയുടെ വിലയുയര്‍ത്തിയത്. 30 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. രണ്ടുകോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില. പൂനെയും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നു. മറ്റൊരു മലയാളി താരമായ സച്ചിന്‍ ബേബിയെ 10 ലക്ഷം രൂപയ്‌ക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി.

യുവരാജ് സിങ്ങിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൂടാരത്തിലെത്തിച്ചു. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന യുവിക്ക് ലേലത്തില്‍ ലഭിച്ചത് ഏഴു കോടി രൂപ. ഏറെക്കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ആശിഷ് നെഹ്‌റയെ 5.5 കോടി രൂപയ്‌ക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. മോഹിത് ശര്‍മയെ 6.5 കോടി രൂപയ്‌ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് കൊണ്ടുപോയി.
ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിനെ ഏഴു കോടി രൂപയ്‌ക്ക് ഡെയര്‍ഡെവിള്‍സും നേടിയെടുത്തു. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സനെ സ്വന്തമാക്കാന്‍ പൂനെ സൂപ്പര്‍ ജയന്റ്‌സ് ചെലവിട്ടത് 3.5 കോടി രൂപ. 3.8 കോടി രൂപയ്‌ക്ക് ഇഷാന്ത് ശര്‍മയും പൂനെയില്‍.
351 പേരുടെ ലിസ്റ്റില്‍ നിന്നാണ് താരങ്ങളെ ലേലം വിളിച്ചെടുക്കുന്നത്. ഒരു ടീമില്‍ 16 പേരെ മുതല്‍ 27 പേരെ വരെ ഉള്‍പ്പെടുത്താമെന്നാണ് വ്യവസ്ഥ. വിദേശതാരങ്ങള്‍ പരമാവധി ഒമ്പതുപേര്‍. ഓരോ ടീമിനും താരങ്ങള്‍ക്കു വേണ്ടി 66 കോടി രൂപ വരെ മുടക്കാം.
















