ഗുവാഹത്തി: ഭാരോദ്വഹത്തില്‍ ഇന്ത്യന്‍ ആധിപത്യം. ഇന്നലെ നടന്ന നാല് ഇനങ്ങളില്‍ മൂന്നിലും സ്വര്‍ണ്ണം ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. ഒരെണ്ണം ശ്രീലങ്കക്ക്.
ദിസ്പൂരിലെ ഭോഗേശ്വരി ഫുകനാനി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വനിതകളുടെ 48 കി.ഗ്രാം വിഭാഗത്തില്‍ 21 കാരിയായ മീരാഭായ് ചാനു സായികോമാണ് ആദ്യ സ്വര്‍ണ്ണമെഡല്‍ ജേത്രി. സ്‌നാച്ചില്‍ 79ഉം ജര്‍ക്കില്‍ 90ഉം കിലോ ഉയര്‍ത്തിയ ചാനു ആകെ 169 കി.ഗ്രാമാണ് ഉയര്‍ത്തിയത്. 2014ലെ ഗ്ലാസ്ഗൗ കോമണ്‍വെല്‍ത്ത് ഗെയിംസിലും മണിപ്പൂര്‍ സ്വദേശിയായ സായികോം ചാനു ഇതേയിനത്തില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. സ്‌നാച്ചിലും ജര്‍ക്കിലുമായി 145 കിലോ ഗ്രാം ഉയര്‍ത്തിയ ശ്രീലങ്കയുടെ ദിനുഷ ഹന്‍സാനി ബൊമിരിയാഗെ ഗോമസ് വെള്ളിയും ബംഗ്ലാദേശിന്റെ ഷാബിറ മൊല്ല ഇരുവിഭാഗങ്ങളിലുമായി 143 കി.ഗ്രാം ഉയര്‍ത്തി വെങ്കലവും നേടി.
വനിതകളുടെ 53 കി.ഗ്രാം വിഭാഗത്തിലും സ്വര്‍ണ്ണം ഇന്ത്യക്ക്. സ്‌നാച്ചിലും ജര്‍ക്കിലുമായി 171 കി.ഗ്രാം ഉയര്‍ത്തിയാണ് ഹര്‍ഷ്ദീപ് കൗറാണ് ഇന്ത്യക്ക് വേണ്ടി പൊന്നണിഞ്ഞത്. സ്‌നാച്ചില്‍ 73ഉം ജര്‍ക്കില്‍ 98ഉം കി.ഗ്രാമാണ് ഹര്‍ഷ്ദീപ് ഉയര്‍ത്തിയത്.ശ്രീലങ്കയുടെ ചമാരി മെന്‍ഡിസ് വാര്‍ണാകുല സൂര്യ 150 കി. ഗ്രാം ഉയര്‍ത്തി വെള്ളിയും നേപ്പാളിന്റെ ദേവി കുമാരി ചൗധരി 129 കി.ഗ്രാം ഉയര്‍ത്തി വെങ്കലവും സ്വന്തമാക്കി.
പുരുഷന്മാരുടെ 56 കി.ഗ്രാം വിഭാഗത്തിലും ഇന്ത്യ പൊന്നണിഞ്ഞു. ഗുരുരാജയാണ് ഇന്ത്യയുടെ സ്വര്‍ണ്ണമെഡല്‍ ജേതാവ്. സ്‌നാച്ചില്‍ 104 കി.ഗ്രാമും ജര്‍ക്കില്‍ 137 കി.ഗ്രാമും ഉയര്‍ത്തിയ ഗുരുരാജ് സിങ് ആകെ 241 കി.ഗ്രാം ഭാരം ഉയര്‍ത്തി. ശ്രീലങ്കക്കാണ് ഈയിനത്തിലും വെള്ളി. അവരുടെ ചതുരംഗ ലക്മല്‍ ജയസൂര്യ സ്‌നാച്ചില്‍ 111 കിലോയും ജര്‍ക്കില്‍ 128 കിലോയുമടക്കം ആകെ 239 കി.ഗ്രാം ഉയര്‍ത്തിയാണ് വെള്ളി സ്വന്തമാക്കിയത്. പാക്കിസ്ഥാന്റെ അബ്ദുള്ള ഗഫൂര്‍ സ്‌നാച്ചില്‍ 102ഉം ജര്‍ക്കില്‍ 125ഉം അടക്കം ആകെ 227 കി.ഗ്രാം ഉയര്‍ത്തി വെങ്കലം നേടി.
പുരുഷന്മാരുടെ 62 കി. വിഭാഗത്തിലാണ് ശ്രീലങ്ക സ്വര്‍ണ്ണം നേടിയത്. പുരുഷന്മാരുടെ 62 കി.ഗ്രാം വിഭാഗത്തില്‍ ശ്രീലങ്കയുടെ ആന്റണ്‍ സുധേഷ് കുരുകുല സൂരിയാഗേയാണ് സ്വര്‍ണ്ണമടിച്ചെടുത്തത്. ഈ വിഭാഗത്തില്‍ ഇന്ത്യക്ക് മെഡലില്ല. നേപ്പാളിന്റെ ബികാസ് ഥാപ്പ വെള്ളിയും ബംഗ്ലാദേശിന്റെ മൊസ്‌തെയിന്‍ ബെല്ല വെങ്കലവും നേടി.
















