ടി.കെ. ബിജീഷ് കുമാര്‍
ബാലുശ്ശേരി: കിനാലൂര്‍ ഉഷാ സ്‌കൂളില്‍ പുതിയ ബാച്ചിലേക്കുള്ള ട്രയലില്‍ പങ്കെടുക്കാന്‍ മധ്യപ്രദേശില്‍ നിന്നുള്ള നിര്‍ധന കായികതാരങ്ങളും. രത്ത്‌നം ജില്ലയിലെ മാഗ്‌റോളി ഗ്രാമത്തിലെ നിര്‍ധന കുടുംബാംഗങ്ങളായ സുനേന (14) സഹോദരി ദിവ്യ (11) എന്നിവരാണ് പിതാവ് മോഹന്‍ലാലിനൊപ്പം ഇന്നലെ രാവിലെ ഉഷ സ്‌കൂളിലെത്തിയത്.
ട്രയല്‍ ഇന്ന് രാവിലെ ഏഴുമുതലായതിനാല്‍ താമസ സ്ഥലം തേടി മൂവരും ബാലുശ്ശേരിയില്‍ എത്തി. ഹിന്ദി മാത്രം അറിയാവുന്ന ഇവര്‍ ലോഡ്ജുകള്‍ അന്വേഷിച്ച് നടന്നു. നാമമാത്രമായി മുറികളുള്ള ബാലുശ്ശേരി ടൗണിലെ വാടക താങ്ങാനാകാതെ വിഷമിച്ച ഇവരെ ടൗണിലെ ഒരു കച്ചവടക്കാരന്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിച്ചു. അധികൃതര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മുറിനല്‍കിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട അലച്ചിലിന് ആശ്വാസമായത്.
ദേശീയ തലത്തില്‍ കായിക താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കുന്ന ഉഷസ്‌കൂളിലേക്ക് എത്താന്‍ മധ്യപ്രദേശിലെ കോച്ച് ചന്ദ്രശേഖര്‍ ലഷ്‌കറിയാണ് അവസരമൊരുക്കിയത്. ഉഷ മധ്യപ്രദേശില്‍ എത്തിയപ്പോള്‍ ചന്ദ്രശേഖര്‍ ലഷ്‌കറിയോടൊപ്പം എടുത്ത ഫോട്ടോയും ഇവരുടെ കൈവശം ഉണ്ടായിരുന്നു. രത്ത്‌നം ശാസ്‌കീ ജവര്‍ മാധ്യമിക് വിദ്യാലയത്തിലാണ് ഇരുവരും പഠിക്കുന്നത്. ജില്ലയിലെ മികച്ച ഓട്ടക്കാരിയാണ് സുനേന. നിര്‍ധന കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ഇവര്‍ കായിക രംഗത്തെ ഭാവി പ്രതീക്ഷയുമായാണ് കേരളത്തിലെത്തിയത്. കോച്ച് ചന്ദ്രശേഖര്‍ ലഷ്‌കറിയാണ് കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ റിസര്‍വേഷന്‍ ടിക്കറ്റ് നല്‍കിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ട്രയലില്‍ പരിഗണിച്ചാലും ഇല്ലെങ്കിലും മൂവരുടേയും മടക്കയാത്ര സാമ്പത്തിക പ്രയാസം കാരണം അനിശ്ചിതത്വത്തിലാണ്.
















