കോഴിക്കോട്: ബ്രസീലിയന്‍ കളി മികവിന് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്. നാഗ്ജി കപ്പ് ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബായ അത്‌ലറ്റികോ പരാനസ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടില്‍ നിന്നുള്ള വാട്ട്‌ഫോര്‍ഡ് എഫ്‌സിയെ പരാജയപ്പെടുത്തി. ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലുടനീളം അത്‌ലറ്റികോ പരാനസ് മികച്ച പ്രകടനം കാഴ്ചവെച്ചു.
ആദ്യ പകുതിയില്‍ തന്നെ നിരവധി അവസരങ്ങളാണ് അത്‌ലറ്റികോ പരാനസ് താരങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഗോള്‍ മുഖത്തെത്തുമ്പോള്‍ ലക്ഷ്യസ്ഥാനം തെറ്റുകയായിരുന്നു. കളിയുടെ അറുപതാം മിനിറ്റില്‍ പതിനെട്ടാം നമ്പര്‍ താരം ലൂയിസ് ഫെലിപ്പ് ഗോണ്‍ കാല്‍വസ് സോറസ് ആദ്യ ഗോള്‍ നേടി. അതോടെ ടൂര്‍ണ്ണമെന്റിലെ തന്നെ ആദ്യ ഗോളിന് ഉടമയായി ലൂയിസ് ഫെലിപ്പ്.
മിനിറ്റുകള്‍ക്കകം ബ്രസിലീനുവേണ്ടി പത്താം നമ്പര്‍താരം ജോ പെഡ്‌റോ ഹെയ്‌നന്‍ സില്‍വ രണ്ടാം ഗോളും നേടുകയായിരുന്നു. മികച്ച പ്രതിരോധമാണ് കളിയിലുടനീളം അത്‌ലറ്റികോ പരാനസ് താരങ്ങള്‍ കാഴ്ചവെച്ചത്. ചില സമയങ്ങളില്‍ വാട്ട്‌ഫോര്‍ഡ് എഫ്‌സി താരങ്ങള്‍ മുന്നേറുന്നതു കാണാമായിരുന്നെങ്കിലും അത് തുടരാന്‍ അവര്‍ക്കായില്ല.
ഇന്ന് രാത്രി ഏഴിന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയില്‍ നിന്നുള്ള അണ്ടര്‍ 23 ടീം ജര്‍മ്മനിയില്‍ നിന്നുള്ള ടിഎസ്‌വി 1860 മുന്‍ച്ചെനുമായി ഏറ്റുമുട്ടും.
















