കോഴിക്കോട്: നാഗ്ജി ഇന്റർനാഷണൽ ക്ലബ് ഫുട്‌ബോൾ ടൂർണമെന്റിന് ഇന്ന് കോഴിക്കോട്ട് തുടക്കം. രാത്രി ഏഴിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യമത്സരത്തിൽ ബ്രസീലിൽ നിന്നുള്ള അത്‌ലറ്റികോ പരാനസ് ഇംഗ്ലണ്ടിൽ നിന്നുള്ള വാറ്റ്‌ഫോർഡ് എഫ്‌സിയെ നേരിടും.
മത്സരം മികച്ചതാക്കാൻ എല്ലാ പരിശ്രമവും നടത്തുമെന്നും തങ്ങൾക്ക് ലഭിച്ചത് ഏറ്റവും നല്ല അവസരമാണെന്നും അത്‌ലറ്റികോ പരാനസ് ക്യാപ്റ്റൻ ലുക്കാസ്, മാനേജർ മാർസിലോ, വാട്ട്‌ഫോർഡ് എഫ്‌സി കോച്ച് ഹാരി ക്യുവിൽ, ക്യാപ്റ്റൻ ജോർജ് ബയേർസ് എന്നിവർ അഭിപ്രായപ്പെട്ടു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവർക്കു മുന്നിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് ഇരു ടീമുകളുടെയും പ്രതീക്ഷ.
ഇന്ത്യൻ ഫുട്‌ബോൾ ലീഗിനെക്കുറിച്ച് അറിയാമെങ്കിലും ഇപ്പോൾ കളിക്കാൻ താല്പര്യമില്ലെന്നായിരുന്നു മുൻ ഫുട്‌ബോൾ താരവും വാട്ട്‌ഫോർഡ് എഫ്‌സി കോച്ചുമായ ഹാരി ക്യുവിലിന്റെ അഭിപ്രായം. കോച്ച് എന്ന നിലയിൽ പ്രവർത്തിക്കാനാണ് ഇപ്പോൾ താല്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകീട്ട് 6.45ന് നടക്കുന്ന ചടങ്ങിൽ എം.എ. യൂസഫലി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങ് വർണ്ണാഭമാക്കാൻ നരേഷ് അയ്യരുടെ മ്യൂസിക് ഷോയും എയ്‌സ് എന്റർടെയിൻമെന്റ് നെറ്റ്‌വർക്‌സ് ഒരുക്കുന്ന കരിമരുന്ന് പ്രയോഗവും ഉണ്ടാകും.
കേരളത്തിലെ ആദ്യ അന്തർദേശീയ ഫുട്ബാൾ ടൂർണ്ണമെന്റാണ് നാഗ്ജി . അർജന്റീന, ഇംഗ്ലണ്ട്, ബ്രസീൽ, റൊമാനിയ, ജർമ്മനി, ഉക്രെയിൻ, അയർലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള എട്ടു പ്രമുഖ ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്.
ഇന്നു മുതൽ 16 വരെ ഗ്രൂപ്പ് മത്സരങ്ങൾ നടക്കും. 18, 19 തിയ്യതികളിൽ സെമിഫൈനൽ മത്സരങ്ങളും 21ന് ഫൈനലും നടക്കും.
















