ന്യൂദല്‍ഹി:സിയാച്ചിന്‍ ഗ്ലേസിയറില്‍ ഹിമപാതത്തില്‍ കാണാതായ പത്തു സൈനികരെ ഇതുവരെയും കണ്ടെത്താനായില്ല. ഇന്നലെയാണ് ഐസ് ഭിത്തി മിലിട്ടറി പോസ്റ്റിലേക്ക് ഇടിഞ്ഞ് വീണ് പത്തു സൈനികര്‍ ഇതിനിടയില്‍ കുടുങ്ങിയത്.
600 മീറ്റര്‍ ഉയരവും ഒരു കിലോ മീറ്റര്‍ വീതിയുമുള്ള മഞ്ഞുകള്‍ക്കിടയിലൂടെ രക്ഷാപ്രവര്‍ത്തകര്‍ സൈനികര്കായുള്ള തിരച്ചില്‍ നടത്തിയെങ്കിലും അവിടെ കണ്ടെത്താനായില്ല. കണ്ടെത്താനുള്ള സാധ്യത വളരെക്കുറവാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.താപനിലയില പ്രതികൂലമായത് തെരച്ചിലിനെ സാരമായി ബാധിച്ചു.
ലഡാക്ക് മേഖലയിലെ വടക്കന്‍ മലനിരകളില്‍ സമുദ്രനിരപ്പിന് 19,600 അടി ഉയരത്തിലുള്ള സൈനിക പോസ്റ്റിലാണ് ഹിമപാതം ഉണ്ടായത്. കാണാതായ സൈനികര്‍ മദ്രാസ് റജിമെന്റില്‍ പെട്ടവരാണ്. പ്രതികൂല കാലാവസ്ഥയോടു മല്ലിട്ട് സൈന്യവും വ്യോമസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സൈനിക മേഖലയാണ് ഇന്ത്യാ പാക്ക് അതിര്‍ത്തിയില്‍ ഹിമാലയന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന സിയാച്ചിന്‍. 1984 മുതലാണ് ഇന്ത്യയും പാക്കിസ്ഥാനും ഇവിടെ സൈന്യത്തെ വിന്യസിച്ചു തുടങ്ങിയത്.
സംഭവം ദാരുണമാണെന്നും അതിരുകള്‍ കാക്കാനായി എല്ലാ വെല്ലുവിളികളും നേരിട്ട് ജീവന് ത്യജിച്ച ധീരന്മാരായ സൈനികര്‍ക്ക് അഭിവാദനം അര്‍പ്പിക്കുന്നതായും കരസേന അറിയിച്ചു.
















