ഉന്നാവോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നും ഒരു പതിനൊന്നുകാരന്‍ കത്തെഴുതി. തന്റെയും സമീപവാസികളുടെയും ആവശ്യം അറിയിച്ചു. നടപടി പൊടുന്നനെ വന്നു. നയന്‍ സിന്‍ഹ എന്ന ഏഴാം ക്ലസ് വിദ്യാര്‍ത്ഥി ഇപ്പോള്‍ നാട്ടിലെ താരമാണ്.
പ്രദേശത്തെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ റെയില്‍വേ ക്രോസ് ഇല്ലാത്തതിനാല്‍ നേരിടേണ്ടിവരുന്ന ദുരിതങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നയന്‍ കത്തെഴുതിയത്. വിഷയത്തില്‍ ഇടപെടണമെന്ന് റെയില്‍വേയ്‌ക്ക് മോദി നിര്‍ദ്ദേശം നല്‍കി. ഈ വിവരം അറിയിച്ച് റെയില്‍വെ അധികൃതര്‍ നയന്‍ സിന്‍ഹയ്‌ക്ക് കത്തയച്ചിരുന്നു.
തന്നെപ്പോലെ ഈ പ്രദേശത്തുള്ള നിരവധി കുട്ടികള്‍ക്കാണ് ദുരിതം നേരിടേണ്ടിവരുന്നതെന്ന് ഒരു വാര്‍ത്ത ഏജന്‍സിയോട് നയന്‍ പറഞ്ഞു. സ്‌കൂളിനും തന്റെ ഗ്രാമത്തിനും ഇടയില്‍ ഒരു റെയില്‍വേ ട്രാക്ക് ഇല്ലാത്തതിനാല്‍ കുറേ ദൂരം താണ്ടിയാണ് കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത്. ഈ റെയില്‍വെ ട്രാക്കിന് സമീപം അപകടങ്ങള്‍ നിത്യമാണെന്നും നയന്‍ പറഞ്ഞു.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാലേ റെയില്‍വേ ക്രോസോ, മേല്‍പ്പാലമോ നിര്‍മിക്കാന്‍ സാധിയ്‌ക്കൂ എന്നാണ് റെയില്‍വെയുടെ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. നയന്റെ ആവശ്യം പ്രധാനമന്ത്രി കേട്ടു. ഇനി യുപി മുഖ്യമന്ത്രി എന്തുചെയ്യുമെന്നാണ് നയനും കൂട്ടരും കാത്തിരിക്കുന്നത്.
















