നാഗപ്പൂര്‍: അഴിമതിക്കെതിരേ ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത കോടതി സര്‍ക്കാരുകള്‍ക്ക് അതിനു കഴിഞ്ഞില്ലെങ്കില്‍ നികുതികൊടുക്കാതെ നിസ്സഹകരണ പ്രസ്ഥാനം നയിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. ബാങ്ക് ഓഫ് മഹാരാഷ്‌ട്രയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തടുങ്ങിയ പണാപഹരണക്കേസ് പരിഗണിച്ച മുംബൈ ഹൈക്കോടതിയുടെ നാഗപ്പൂര്‍ ബെഞ്ചാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ലോക്ഷാഹിര്‍ അന്നഭാവു സാഥേ വികാസ് മഹാമണ്ഡല്‍ എന്ന സംഘടനയുടെ 385 കോടി രൂപയുടെ നിക്ഷേപത്തുകയില്‍ സംഘടനാ ഭാരവാഹികള്‍ക്കൊപ്പം നിന്ന് വഞ്ചനകാട്ടിയതാണ് കേസ്.
അഴിമതി പലതലയുള്ള രാക്ഷസനാണെന്നു വിശേഷിപ്പിച്ച ജസ്റ്റീസ് അരുണ്‍ ചൗധുരി അതത് ഭരണ സംവിധാനങ്ങളിലെ അഴിമതിക്കെതിരേ ജനങ്ങള്‍ ഒന്നിച്ചിറങ്ങേണ്ട സമയമായെന്നു പറഞ്ഞു. അഴിമതിയുടെ വിഷവായു ഇല്ലാതാക്കാന്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിച്ചാലേ കഴിയൂ. എന്നിട്ടും തുടരുകയാണെങ്കില്‍ നികുതി കൊടുക്കുന്നവര്‍ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ അതിനെ നേരിടണം. പിന്നാക്ക വിഭാഗത്തില്‍ പെട്ട പാവങ്ങള്‍ക്കു നല്‍കാനുള്ള തുകയിലാണ് കൃത്രിമം നടന്നത്.
















