കോഴിക്കോട്: നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് നാളെ കോഴിക്കോട്ട് കിക്കോഫ്. കേരളത്തിലെ ആദ്യ അന്തര്‍ദേശീയ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റായ നാഗ്ജി ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 21 വര്‍ഷങ്ങള്‍ക്കുമുമ്പ് നിലച്ചുപോയിരുന്നു. ഈ വര്‍ഷം നാഗ്ജി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ പുനര്‍ജന്മം കൂടിയാണ്. അര്‍ജന്റീന, ഇംഗ്ലണ്ട്, ബ്രസീല്‍, റൊമാനിയ, ജര്‍മ്മനി, ഉക്രെയിന്‍, അയര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള എട്ടു പ്രമുഖ ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്.
ഫെബ്രുവരി അഞ്ചു മുതല്‍ 16 വരെ ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കും. 18, 19 തീയതികളില്‍ സെമിഫൈനല്‍ മത്സരങ്ങളും 21ന് ഫൈനലും നടക്കും. നാളെ വൈകീട്ട് 6.50ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എം.എ. യൂസഫലി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ടൂര്‍ണ്ണമെന്റിന്റെ ടിക്കറ്റുകള്‍ ഫെഡറല്‍ ബാങ്കിന്റെ ശാഖകളില്‍ നിന്നും ലഭിക്കും.
ഇന്നലെ വൈകീട്ട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എളമരം കരീം എംഎല്‍എ മത്സരത്തിന്റെ ഫിക്‌സ്ചര്‍ പ്രകാശനം ചെയ്തു.
പി.കെ. സ്റ്റീല്‍ ഡയറക്ടര്‍ പി.കെ. ഷാനവാസ് ഏറ്റുവാങ്ങി. സംഘാടക സമിതി ചെയര്‍മാനും കെഡിഎഫ്എ പ്രസിഡന്റുമായ ഡോ. സിദ്ദിഖ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എ. പ്രദീപ്കുമാര്‍ എംഎല്‍എ, എന്‍.സി. അബൂബക്കര്‍, കെഡിഎഫ്എ സെക്രട്ടറി പി. ഹരിദാസ്, ഇബ്‌സു റഹ്മാന്‍, വൈഭവ്, കമാല്‍ വരദൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















