മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കു തുടക്കം. വല്‍സാദില്‍ പഞ്ചാബിനെതിരെ അസമിന് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന അസം ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സില്‍. നാലു വിക്കറ്റെടുത്ത സിദ്ധാര്‍ഥ് കൗളാണ് അസമിനെ കുഴക്കിയത്. ഇന്ത്യന്‍ താരം ബരീന്ദര്‍ സ്രണിന് രണ്ട് വിക്കറ്റ്. 50 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന ജമാലുദ്ദീന്‍ സയ്യിദ് മുഹമ്മദാണ് അസമിന്റെ പോരാട്ടം രണ്ടാം ദിനത്തിലേക്കു നീട്ടിയത്.
മുംബൈയില്‍ ബംഗാളിനെ നേരിടുന്ന മധ്യപ്രദേശിന് മികച്ച സ്‌കോര്‍. ആദ്യ ദിവസം നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തു മധ്യപ്രദേശ്. ഹര്‍പ്രീത് സിങ്ങും (51), നായകന്‍ ദേവേന്ദ്ര ബുണ്ടേലയും (42) ക്രീസില്‍. ഓപ്പണര്‍ ആദിത്യ ശ്രീവാസ്തവയുടെയും (65), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നമന്‍ ഓജയുടെയും (64) അര്‍ധശതകങ്ങളും മധ്യപ്രദേശിനെ തുണച്ചു. ഇന്നലെ വീണ വിക്കറ്റുകളില്‍ രണ്ടെണ്ണം വീര്‍ പ്രതാപ് സിങ്ങിന്. പ്രഗ്യാന്‍ ഓജ, സയന്‍ മണ്ടല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
മൈസൂരുവില്‍ ഝാര്‍ഖണ്ഡിനെതിരെ മുംബൈ മികച്ച സ്‌കോറിലേക്ക്. ഓപ്പണര്‍ അഖില്‍ ഹെര്‍വാദ്കറുടെ (107) സെഞ്ചുറിയുടെ മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു മുംബൈ. സൂര്യകുമാര്‍ യാദവ് (75), ശ്രേയസ് അയ്യര്‍ (45) എന്നിവരും അഖിലിന് പിന്തുണ നല്‍കി. കളി നിര്‍ത്തുമ്പോള്‍ അഭിഷേക് നായരും (25), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സൂഫിയാന്‍ ഷെയ്ഖും (11) ക്രീസില്‍. ഝാര്‍ഖണ്ഡിനായി ജസ്‌കരന്‍ സിങ്ങും, ഷഹബാസ് നദീമും രണ്ടു വീതം വിക്കറ്റെടുത്തു.
വിസിയനഗരത്തില്‍ സൗരാഷ്‌ട്രയ്‌ക്കെതിരെ വിദര്‍ഭ ആദ്യ ദിനം 151 റണ്‍സിന് പുറത്തായി. മറുപടി തുടങ്ങിയ സൗരാഷ്‌ട്ര കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സില്‍. ജയദേവ് ഉനദ്ക്തിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് വിദര്‍ഭയെ തകര്‍ത്തത്. രണ്ട് വീതം വിക്കറ്റുമായി ഹാര്‍ദിക് റത്തോഡ്, ചിരാഗ് ജാനി എന്നിവര്‍ ഉനദ്ക്തിന് പിന്തുണ നല്‍കി. 41 റണ്‍സെടുത്ത വസീം ജാഫര്‍ വിദര്‍ഭയുടെ ടോപ് സ്‌കോറര്‍. ചേതേശ്വര്‍ പൂജാരയും (45), സാഗര്‍ സജോഗിയാനിയുമാണ് (19) സൗരാഷ്‌ട്രയ്‌ക്കായി ക്രീസില്‍.
















