ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ ജയം നുണഞ്ഞപ്പോള്‍, ആഴ്‌സണലിന് സമനിലക്കുരുക്ക്. ലിവര്‍പൂളിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടക്കി ലെസ്റ്റര്‍ സിറ്റി ഒന്നാമത് തുടരുന്നു. ആഴ്‌സണലിനെ സതാംപ്ടണ്‍ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടിയപ്പോള്‍, മാഞ്ചസ്റ്റര്‍ സിറ്റി 1-0ന് സണ്ടര്‍ലാന്‍ഡിനെ മറികടന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മടക്കമില്ലാത്ത മൂന്നു ഗോളിന് സ്റ്റോക് സിറ്റിയെ തുരത്തി.
തട്ടകത്തില്‍ സതാംപ്ടണിനോട് സമനില വഴങ്ങേണ്ടിവന്നത് പീരങ്കിപ്പടയുടെ കിരീടമോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. എവേ മത്സരത്തില്‍ പതിനാറാം മിനിറ്റില്‍ സെര്‍ജിയോ അഗ്വെയ്‌റോ നേടിയ ഗോളാണ് സിറ്റിയുടെ മുഖം രക്ഷിച്ചത്. ഓള്‍ഡ് ട്രാഫോഡില്‍ സ്റ്റോക്കിനെതിരെ മിന്നും ജയം കുറിച്ചത് യുണൈറ്റഡിനും പരിശീലകന്‍ ലൂയി വാന്‍ഗാലിനും ആശ്വാസമായി. പതിനാലാം മിനിറ്റില്‍ ജെസി ലിങ്ഗാര്‍ഡ് സ്‌കോറിങ് തുടങ്ങി. 24ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യല്‍ ലീഡുയര്‍ത്തി. ഗോളടിമികവ് തുടരുന്ന നായകന്‍ വെയ്ന്‍ റൂണി 53ാം മിനിറ്റില്‍ പട്ടിക തികച്ചു.
ലീഗില്‍ മുന്നിലുള്ള ലെസ്റ്ററിന് ലിവര്‍പൂളിനെതിരെ സ്വന്തം മൈതാനത്ത് ജയമൊരുക്കിയത് ജാമി വാര്‍ഡിയുടെ ഇരട്ട ഗോള്‍. 60, 71 മിനിറ്റുകളില്‍ ലക്ഷ്യം കണ്ടു ജാമി. മറ്റൊരു മത്സരത്തില്‍ ടോട്ടനം മടക്കമില്ലാത്ത മൂന്നു ഗോളിന് നോര്‍വിച്ച് സിറ്റിയെ തുരത്തി. വെസ്റ്റ്ഹാം യുണൈറ്റഡ് 2-0ന് ആസ്റ്റണ്‍ വില്ലയെയും, എഎഫ്‌സി ബേണ്‍മൗത്ത് 2-1ന് ക്രിസ്റ്റല്‍ പാലസിനെയും കീഴടക്കി. വെസ്റ്റ് ബ്രോംവിച്ച്-സ്വാന്‍സീ സിറ്റി മത്സരം സമനിലയില്‍ (1-1).
ഇരുപത്തിനാല് കളികള്‍ പൂര്‍ത്തിയായപ്പോള്‍ 50 പോയിന്റോടെയാണ് ലെസ്റ്റര്‍ മുന്നിലുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റി (47), ടോട്ടനം (45), ആഴ്‌സണല്‍ (45), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (40) തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
















