ഓക്ലന്‍ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് വമ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറില്‍ എട്ടു വിക്കറ്റിനു 307 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഇന്നിംഗ്‌സ് 24.2 ഓവറില്‍ 148 റണ്‍സിനു അവസാനിക്കുകയായിരുന്നു.
കിവീസിന് വേണ്ടി ഓപ്പണിംഗ് പാടണിഞ്ഞ ഗുപ്റ്റിലിന്റെ 90 റണ്‍സാണ് അവരുടെ സ്‌കോറിംഗിന് അടിത്തറയായത്. തുടര്‍ന്നെത്തിയ ഹെന്‍ഡ്രി നികോള്‍സ് (61), ബ്രണ്ടന്‍ മക്കല്ലം (44) എന്നിവരും തിളങ്ങിയതോടെ കിവീസ് സ്‌കോര്‍ കുതിച്ചു. അവസാന പരമ്പരയ്‌ക്കിറങ്ങിയ മക്കല്ലം ഓസീസ് ബൗളര്‍മാരെ അടിച്ചുപരത്തിയാണ് തുടങ്ങിയത്. നായകന്‍ 29 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് 44 റണ്‍സ് നേടിയത്. ഗുപ്റ്റില്‍-മക്കല്ലം സഖ്യം 10.5 ഓവറില്‍ 79 റണ്‍സ് നേടിയ ശേഷമാണ് പിരിഞ്ഞത്.
കെയ്ന്‍ വില്യംസണ്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് പുറത്തായെങ്കിലും നാലാമനായി ക്രീസിലെത്തിയ നിക്കോള്‍സും ഗുപ്റ്റിലും ചേര്‍ന്ന് കിവീസിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് മധ്യനിര തകര്‍ന്നടിഞ്ഞതാണ് കിവീസിനെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍നിന്നു തടഞ്ഞത്. വാലറ്റത്ത് മിച്ചല്‍ സാറ്റ്‌നര്‍ 35 റണ്‍സോടെ പുറത്താകാതെ നിന്നാണു കിവീസ് സ്‌കോര്‍ 300 കടക്കാന്‍ സഹായിച്ചത്. ഓസീസിനു വേണ്ടി ജോഷ് ഹേസില്‍വുഡ്, ജയിംസ് ഫോക്‌നര്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി. ഗുപ്റ്റിലാണ് മാന്‍ ഓഫ് ദ മാച്ച്.
മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്‌ക്കെതിരേ തിളങ്ങിയ ഓസീസ് ബാറ്റിംഗ് നിരയുടെ നിഴല്‍ മാത്രമാണ് കണ്ടത്. 37 റണ്‍സ് നേടിയ മാത്യൂ വേഡ്, 36 റണ്‍സ് നേടിയ ഫോക്‌നര്‍ എന്നിവര്‍ മാത്രമാണ് ചെറുത്തുനിന്നത്. ജോര്‍ജ് ബെയ്‌ലി രണ്ടു റണ്‍സിനും മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പും പവലിയനില്‍ എത്തി. ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്‍ട്രി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി.
















