കോഴിക്കോട്: തമിഴ്‌നാട്ടില്‍ കാരൂര്‍ ഗ്രാമത്തില്‍ എസ്. മണിരാജ് ഇനി ‘പൊന്‍മണിരാജ്’ ആയിരിക്കും. ദാരിദ്ര്യത്തില്‍ മുങ്ങിത്താണ ഈ പത്താം ക്ലാസുകാരനെ പൊന്നണിയിച്ചിരിക്കയാണ് ദേശീയസ്‌കൂള്‍ കായികമേള. ജൂനിയല്‍ ബോയ്‌സ് ട്രിപ്പിള്‍ ജമ്പില്‍ 14.80 മീറ്റര്‍ ദൂരം ചാടിയാണ് മണിരാജ് സ്വര്‍ണ്ണം നേടിയത്.
വിയര്‍പ്പൊഴുക്കി തന്നെയാണ് ഈ ഒന്നാംസ്ഥാനം. മല്‍സരത്തിന്റെ ഓരോ റൗണ്ടിലും എതിരാളിയുടെ കടുത്ത വെല്ലുവിളിയുണ്ടായിരുന്നു. അവസാന റൗണ്ടില്‍ കേരളത്തിന്റെ എന്‍. അനസ് 14.52 ദൂരം ചാടി രണ്ടാം സ്ഥാനത്തെത്തി. സ്വന്തം നാട്ടുകാരനായിരുന്നു മറ്റൊരെതിരാളി. സി. പ്രവീണ്‍. 14.34 മീറ്റര്‍ ദൂരം ചാടി മൂന്നാം സ്ഥാനത്ത്.
തീരെ സൗകര്യമില്ലാത്ത തന്റെ കൊച്ചു വീട്ടിലേക്ക് ആദ്യ സ്വര്‍ണ്ണപ്പതക്കം കൊണ്ടു പോകുന്നതിന്റെ ആഹഌദത്തിലാണീ പയ്യന്‍. വിളവെടുപ്പ് കഴിഞ്ഞ വയലില്‍ ചാടിയാണ് പരിശീലനത്തിന്റെ തുടക്കം. ചാട്ടത്തിന്റെ ദൂരം കണ്ട് സ്‌കൂളധികൃതര്‍ അതിശയിച്ചു. അതോടെ സര്‍ക്കാര്‍ സഹായത്തോടെയായി പരിശീലനം. പണമില്ലാത്ത ഈ മിടുക്കനെ സൗജന്യമായി പഠിപ്പിക്കുന്ന ഉത്തരവാദിത്വം കാക്കൂര്‍ സരസ്വതി വിദ്യാലയം ഏറ്റെടുത്തു. ഏവരുടെയും പ്രാര്‍ത്ഥനയില്‍ മണിരാജിന് സ്വപ്‌നമായിരുന്നു ദേശീയ സ്വര്‍ണ്ണ മെഡല്‍ . കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ നടന്ന മല്‍സരത്തില്‍ പങ്കെടുത്തെങ്കിലും നാലാം സ്ഥാനമേ കിട്ടിയുള്ളൂ.. സംസ്ഥാനതലത്തില്‍ റെക്കോഡുണ്ട്. ദൂരം 14.35 മീറ്റര്‍.
അച്ഛന്‍: ഷണ്‍മുഖന്‍. കാക്കൂരില്‍ ചാക്കുണ്ടാക്കുന്ന കമ്പനിയിലെ തൊഴിലാളിയാണ്. അമ്മ: ചെല്ലമ്മാള്‍ രണ്ട്‌സഹോദരങ്ങള്‍. ഒരാള്‍ എട്ടാം ക്ലാസില്‍. ചെട്ടന്റെ വഴിക്കു തന്നെയാണിവനും. ഇളയസഹോദരന്‍ നാലില്‍ പഠിക്കുന്നു. കാക്കൂര്‍ സ്വദേശിയായ വിജയേന്ദ്രനാണ് മണിരാജിന്റെ കോച്ച്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പരിശീലിപ്പിക്കുന്നു.
ഭാവിയെകുറിച്ച് ചോദിച്ചപ്പോള്‍ വിയര്‍പ്പ് ചാലിട്ടൊഴികിയ മണിരാജിന്റെ മുഖം വിടര്‍ന്നു. ദാരിദ്ര്യം വിലക്കാത്ത അവന്റെ സ്വപ്‌നം പറഞ്ഞു – ഏഷ്യന്‍ ഗെയിംസ്. അതില്‍ സ്വര്‍ണം നേടണം.
















