കോഴിക്കോട്: നൂറുമീറ്ററിലെന്നപോലെ 200 മീറ്ററിലും കേരളത്തിന് തിരിച്ചടി. ഒരു സ്വര്‍ണം പോലും നേടാനാകാത്ത കേരളത്തിന് ആശ്വാസമായത് സീനിയര്‍ പെണ്‍കുട്ടികളില്‍ ഷഹര്‍ബാനയുടെയും ജൂനിയറില്‍ പി.ഡി. അഞ്ജലിയുടെയും വെള്ളി മാത്രം.
സീനിയര്‍ പെണ്‍കുട്ടികളില്‍ തമിഴ്‌നാടിന്റെ വി. ശുഭ 25.34 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയപ്പോള്‍ ഷഹര്‍ബാന 25.48 സെക്കന്‍ഡില്‍ വെള്ളിയും കര്‍ണാടകയുടെ വിശ്വാസ് 25.68 സെക്കന്‍ഡില്‍ വെങ്കലവും നേടി.
സീനിയര്‍ ആണ്‍കുട്ടികളില്‍ കര്‍ണാടകയുടെ മനീഷ് 22.22 സെക്കന്‍ഡില്‍ പൊന്നണിഞ്ഞു. നേരത്തെ 100 മീറ്ററിലും സ്വര്‍ണം നേടിയ മനീഷ് സ്പ്രിന്റ് ഡബിള്‍ സ്വന്തമാക്കി. തമിഴ്‌നാടിന്റെ ആര്‍. നവീന്‍ (22.29) വെള്ളിയും മഹാരാഷ്‌ട്രയുടെ ആല്‍ഡന്‍ നൊരോഹ (22.31) വെങ്കലവും കരസ്ഥമാക്കി.
ജൂനിയര്‍ പെണ്‍കുട്ടികളില്‍ മഹാരാഷ്‌ട്രയുടെ ലൂയിസ് റൊസാലിന് സ്വര്‍ണം, 25.27 സെക്കന്‍ഡ്. കഴിഞ്ഞ ദിവസം 100 മീറ്ററിലും സ്വര്‍ണം നേടിയ റൊസാലിന്‍ സ്പ്രിന്റ് ഡബിള്‍ തികച്ചു. കേരളത്തിന്റെ പി.ഡി. അഞ്ജലി (25.93) വെള്ളിയും തമിഴ്‌നാടിന്റെ മലയാളി താരം സാന്ദ്ര തെരേസ മാര്‍ട്ടിന്‍ (26.04) വെങ്കലവും മാറോടുചേര്‍ത്തു.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ തമിഴ്‌നാടിന്റെ സി. അജിത്ത് സ്പ്രിന്റ് ഡബിള്‍ സ്വന്തമാക്കി. കഴിഞ്ഞ ദിവസം 100 മീറ്ററില്‍ പൊന്നണിഞ്ഞ അജിത്ത് ഇന്നലെ 200 മീറ്ററില്‍ 22.40 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞു. തെലങ്കാനയുടെ ദന്‍വത്ത് ശ്രീകാന്തിന് വെള്ളി, 22.44 സെക്കന്‍ഡ്. കര്‍ണാടകയുടെ വൈ.ഐ. കുമാറിന് വെങ്കലം, 22.88 സെക്കന്‍ഡ്.
കേരളത്തിന് പ്രാതിനിധ്യമില്ലാതിരുന്ന സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദല്‍ഹിയുടെ അഭിനവ് അശ്വല്‍ സ്വര്‍ണവും, അന്‍ഷുല്‍ വെള്ളിയും, തമിഴ്‌നാടിന്റെ ശ്രീധര്‍ വെങ്കലവും സ്വന്തമാക്കി.
ഇതേയിനം പെണ്‍കുട്ടികളില്‍ കര്‍ണാടകയുടെ വി. വര്‍ഷ സ്വര്‍ണം നേടിയപ്പോള്‍ (26.42 സെക്കന്‍ഡ്), ഒഡീഷയുടെ സുഖി ബസ്‌കി (26.90) വെള്ളിയും മഹാരാഷ്‌ട്രയുടെ പൂജാരി ചാര്‍വി (26.96) വെങ്കലവും നേടി. ഈയിനത്തില്‍ കേരളത്തിന്റെ ഗൗരി നന്ദന നാലാമതും ചിത്ര. സി ആറാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
















