ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.ടി. ഉഷയുടെ ശിഷ്യ അബിത മേരി മാനുവലിന് റെക്കോര്‍ഡ് ഡബിള്‍. കഴിഞ്ഞ ദിവസം സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ റെക്കോര്‍ഡോടെ പൊന്നണിഞ്ഞ അബിത ഇന്നലെ 800 മീറ്ററിലും നേട്ടം ആവര്‍ത്തിച്ചു. 2:08.69 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്നാണ് അബിത ഇന്നലെ റെക്കോര്‍ഡ് പൊന്നണിഞ്ഞത്.
2009-ലെ കൊച്ചി സ്‌കൂള്‍ നാഷണല്‍സില്‍ കേരളത്തിന്റെ ചിഞ്ചു ജോസ് സ്ഥാപിച്ച 2:09.14 സെക്കന്റിന്റെ റെക്കോര്‍ഡാണ് അബിതയുടെ കുതിപ്പില്‍ പഴങ്കഥയായത്. ഈയിനത്തില്‍ ആതിഥേയരുടെ സി. ബബിത 2:10.91 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയും മലയാളക്കരക്ക് സമ്മാനിച്ചു. തമിഴ്‌നാടിന്റെ ജെ. ഗൗതമിക്കാണ് വെങ്കലം.
1500 മീറ്ററിന്റെ തനിയാവര്‍ത്തനമായിരുന്നു 800 മീറ്റര്‍. ഈയിനത്തില്‍ രണ്ടുപേരും നിലവിലെ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. സീനിയര്‍ പെണ്‍കുട്ടികളില്‍ ഉഷ സ്‌കൂളിന്റെ സന്തതിയായ അബിത മേരി മാനുവല്‍ 4:27.22 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്.
2013-ല്‍ പി.യു. ചിത്ര സ്ഥാപിച്ച 4:35.72 സെക്കന്റിന്റെ റെക്കോര്‍ഡ് പഴങ്കഥയായി. വെള്ളി നേടിയ കേരളത്തിന്റെ തന്നെ ബബിത. സിയും (4:27.29 സെക്കന്റ്) നിലവിലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരുന്നു.
















