കുന്നത്തൂര്‍: പാര്‍ട്ടി വിട്ട കോവൂര്‍കുഞ്ഞുമോനെ അനുകൂലിച്ച് മണ്ഡലം കമ്മിറ്റിയോഗത്തില്‍ സംസാരിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്ത ലോക്കല്‍കമ്മറ്റി സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയാതെ ആര്‍എസ്പി നേതൃത്വം.
കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ.തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ശാസ്താംകോട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുധാകരന്‍പിള്ള പാര്‍ട്ടി നേതൃത്വത്തിനെതിരെയും കോവൂര്‍ കുഞ്ഞുമോന് അനുകൂലമായും സംസാരിച്ചത്. അതിന് ശേഷം യോഗത്തില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. താനും കുഞ്ഞുമോന്റെ കൂടെ പുതിയ പാര്‍ട്ടിയിലേക്ക് പോകുമെന്നും തന്നോടൊപ്പം നിരവധി ആര്‍എസ്പിക്കാരും ഉണ്ടാകുമെന്ന് കാട്ടി പിന്നീട് പത്രപ്രസ്താവന പുറത്തിറക്കിയിട്ടും സുധാകരന്‍പിള്ളക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ആര്‍എസ്പി കുന്നത്തൂര്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല.
ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തയ്യാറാകാത്തത് പാര്‍ട്ടിയിലെ പൊട്ടിത്തെറി ഭയന്നിട്ടാണെന്നാണ് സൂചന. അനുരഞ്ജന ചര്‍ച്ചയിലൂടെ സുധാകരന്‍പിള്ളയെ തിരികെ കൊണ്ട് വരണമെന്നാണ് ജില്ലാ നേതൃത്വം അറിയിച്ചിരിക്കുന്നത്. കുഞ്ഞുമോന്‍ മാത്രമാണ് ആര്‍എസ്പിയില്‍ നിന്ന് പോയിട്ടുള്ളുവെന്നും മറ്റാരും തന്നെ പോയിട്ടില്ലെന്നും കുഞ്ഞുമോന്‍ മുങ്ങാന്‍ പോകുന്ന കപ്പലില്‍ ചാടി കയറി മണ്ടത്തരം കാട്ടിയെന്നുമാണ് ആര്‍എസ്പി മണ്ഡലം സെക്രട്ടറി വിജയദേവന്‍പിള്ളയുടെ വാദം.
അതിനിടെ ആര്‍എസ്പിയില്‍ നിന്നും കൂടുതല്‍ പേരെ അടര്‍ത്തിയെടുക്കുവാന്‍ കുഞ്ഞുമോനും സിപിഎമ്മിലെ ചിലരും ശ്രമം തുടങ്ങി. കുന്നത്തൂരിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി വിലയിരുത്തപ്പെടുന്ന ജില്ലാ കമ്മിറ്റി അംഗം സോമപ്രസാദിന്റെ പദയാത്രയില്‍ ആര്‍എസ്പി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് പാര്‍ട്ടി അംഗത്വം നല്‍കാനാണ് സിപിഎം ശ്രമിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇത് കുഞ്ഞുമോന്‍ തിരിച്ചടിയാകും. കുഞ്ഞുമോനെതിരെ ശക്തമായ ആരോപണങ്ങളുമായി ആര്‍എസ്പി നേതൃത്വം വരും നാളുകളില്‍ രംഗത്തെത്തിയേക്കും. നേരത്തെ കുഞ്ഞുമോനെതിരെ ഉയര്‍ന്ന ആരോഗ്യ വകുപ്പിലെയും സിഡ്‌കോയിലേയും നിയമനവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങള്‍ ആര്‍എസ്പി നേതൃത്വം വീണ്ടും കുത്തിപ്പൊക്കും. കുഞ്ഞുമോന്റെ ബന്ധുക്കളും മറ്റും പാര്‍ട്ടി സ്വാധീനമുപയോഗിച്ച് നേടിയ സ്ഥാനമാനങ്ങളും പുറത്ത് വിട്ടേക്കുമെന്നാണ് സൂചന.
















