കോഴിക്കോട്: ആദ്യമായി ദേശീയ സ്‌കൂള്‍ മീറ്റിനെത്തിയ ലിസ്ബത്ത് കരോലിന്‍ ജോസഫിന് മൂന്ന് സ്വര്‍ണ്ണം. കഴിഞ്ഞ ദിവസങ്ങളില്‍ ലോങ്ജമ്പിലും ഹൈജമ്പിലും പൊന്നണിഞ്ഞ ലിസ്ബത്ത് ഇന്നലെ പുതിയ റെക്കോര്‍ഡുമായി ട്രിപ്പിള്‍ജമ്പിലും പൊന്നണിഞ്ഞാണ് മീറ്റിലെ ആദ്യ ട്രിപ്പിളിന് അവകാശിയായത്. ജമ്പിങ്പിറ്റില്‍ തന്നെ വെല്ലാന്‍ ആളില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ലിസ്ബത്തിന്റെ കുതിപ്പ്.
ട്രിപ്പിള്‍ജമ്പില്‍ 12.54 മീറ്റര്‍ താണ്ടിയാണ് ലിസ്ബത്ത് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. 2006-ലെ പൂനെ നാഷണല്‍സില്‍ പശ്ചിമ ബംഗാളിന്റെ സിബാനി ഭുംജി സ്ഥാപിച്ച 12.36 മീറ്ററിന്റെ റെക്കോര്‍ഡാണ് ലിസ്ബത്തിന്റെ കുതിപ്പില്‍ പഴങ്കയായത്. വെള്ളിയും കേരളത്തിന്. മാതിരപ്പിള്ളി ഗവ. വിഎച്ച്എസ്എസിലെ ഐശ്വര്യ പി.ആര്‍. 12.12 മീറ്റര്‍ താണ്ടി വെള്ളി കരസ്ഥമാക്കിയപ്പോള്‍ തമിഴ്‌നാടിന്റെ എന്‍. നാഗപ്രിയ 11.07 മീറ്റര്‍ ചാടി വെങ്കലം നേടി. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഐശ്വര്യക്ക് പിന്നില്‍ വെള്ളിയായിരുന്നു ലിസ്ബത്തിന്.
തന്റെ ആദ്യ ദേശീയ സ്‌കൂള്‍ മീറ്റില്‍ ട്രിപ്പിള്‍ തികച്ചതിന്റെ സന്തോഷത്തിലാണ് ലിസ്ബത്ത് കരോലിന്‍ ജോസഫ്. കഴിഞ്ഞ ദിവസം ഹൈജമ്പില്‍ സംസ്ഥാന റെക്കോര്‍ഡ് മറികടന്നായിരുന്നു ലിസ്ബത്ത് പൊന്നണിഞ്ഞത്.
പുല്ലൂരാംപാറ സെന്റ് ജോര്‍ജ് എച്ച്എസിന്റെ താരമായ ലിസ്ബത്ത് പുല്ലൂരാംപാറ കൊല്ലിത്താനം വീട്ടില്‍ സജി അബ്രഹാം-ലെന്‍സി സജി ദമ്പതികളുടെ മകളാണ്. മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ടോമി ചെറിയാന്റെ കീഴിലാണ് ലിസ്ബത്തിന്റെ പരിശീലനം. ലിസ്ബത്തിന്റെ നേട്ടത്തില്‍ പരിശീലകനും ഏറെ സന്തോഷം പങ്കുവെച്ചു.
















