കോഴിക്കോട്: അറുപത്തിയൊന്നാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ഉറപ്പിച്ച് കേരളം. തുടര്‍ച്ചയായ 19ാം കിരീടത്തിലേക്ക് കേരളം അടുക്കുന്നത്. നാല് ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 28 സ്വര്‍ണവും 18 വെള്ളിയും 11 വെങ്കലവുമടക്കം 220 പോയിന്റായി കേരളത്തിന്. എട്ട് സ്വര്‍ണം, ഏഴ് വെള്ളി, അഞ്ച് വെങ്കലമാണ് മലയാളി താരങ്ങള്‍ ഇന്നലെ വാരിക്കൂട്ടിയത്. ആറ് സ്വര്‍ണം, എട്ട് വെള്ളി, 10 വെങ്കലവുമടക്കം 73 പോയിന്റുള്ള മഹാരാഷ്‌ട്ര രണ്ടാമത്. ആറു സ്വര്‍ണം, നാല് വെള്ളി, അഞ്ച് വെങ്കലവുമടക്കം 63 പോയിന്റുമായി തമിഴ്‌നാട് മൂന്നാമത്.
നാലാം ദിനമായ ഇന്നലെ അഞ്ച് റെക്കോഡുകള്‍. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ എന്‍.പി. സംഗീതയാണ് പുതിയ ദേശീയ റെക്കോഡിന് അര്‍ഹയായ ഏക മലയാളിതാരം. എന്നാല്‍, വെള്ളി മെഡലാണ് സംഗീതക്ക് ലഭിച്ചത്. ഈയിനത്തില്‍ സ്വര്‍ണം ദല്‍ഹിയുടെ വാന്‍ഷിക സേജ്‌വാളിന്. ഇരുവരും 1.69 മീറ്ററാണ് ചാടിയത്. കുറഞ്ഞ അവസരം വാന്‍ഷികയ്‌ക്ക് സ്വര്‍ണം സമ്മാനിച്ചു. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ദല്‍ഹിയുടെ ദേവേഷ്, പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ മഹാരാഷ്‌ട്രയുടെ ബംഹാനെ തായ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ദല്‍ഹിയുടെ ഹര്‍ഷിത ഷെരാവത്ത് എന്നിവരാണ് റെക്കോഡിന് അവകാശികളായവര്‍.
അവസാന ദിവസമായ ഇന്ന് 200 മീറ്റര്‍, സ്പ്രിന്റ് ഹര്‍ഡില്‍സ്, 800 മീറ്റര്‍, 4-400 മീറ്റര്‍ റിലേ എന്നിവയടക്കം 29 ഫൈനലുകള്‍.
















