ജയ്പൂര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാതെ ശബരിമല സന്ദര്‍ശിക്കുമെന്നും അതിനു ശേഷം ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്നും കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ. ജയ്പൂരില്‍ പ്രസ്ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച ദി്വദിന എഡിറ്റേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ജന്മഭൂമിയോടു സംസാരിക്കുകയായിരുന്നു. അതിനു മുന്‍പ് താന്‍ ശബരിമല സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തുമെന്ന് ശര്‍മ്മ പറഞ്ഞു.
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്ന കാര്യത്തിന് കേന്ദ്ര സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ഗുരുവായൂരും ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ശബരിമല സന്ദര്‍ശിക്കാനും അന്ന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ തിരക്കുകാരണം നടന്നില്ല. വൈകാതെ അവിടെപ്പോകും. തുടര്‍ന്ന് പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കും. ഈ വര്‍ഷം പ്രതിവര്‍ഷ തീര്ത്ഥാടനമല്ലാത്ത കാലത്താകും സന്ദര്‍ശനം, മന്ത്രി സൂചന നല്കി.
ആധ്യാത്മികതയാണ് ഭാരതത്തിന്റെ അമൂല്യ സ്വത്ത്. ആധ്യാത്മികതയെ വിനോദസഞ്ചാരവുമായി കൂട്ടിയിണക്കുന്ന പദ്ധതികളാണ് കേന്ദ്രം ലക്ഷ്യമിടുന്നത്, മഹേഷ് ശര്മ്മപറഞ്ഞു. മെഡിക്കല്‍ ടൂറിസം രംഗത്ത് ഭാരതത്തിന് വരും കാലത്ത് വലിയ സാധ്യതകളാണ് ഉള്ളതെന്ന് സമ്മേളനത്തില്‍ പ്രസംഗിക്കവേ മന്ത്രി പറഞ്ഞു. ഇ വിസ വ്യാപകമാക്കിയതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയാണ് വന്നത്. 43 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോള്‍ ഇ വിസ ലഭ്യമാണ്.
















