കോഴിക്കോട്: ഒരുവേള ട്രിപ്പില്‍ ജംപില്‍ കേരളം സ്വര്‍ണം നേടുമോയെന്ന് തോന്നിയിരുന്നു. ഉത്തരേന്ത്യയില്‍നിന്നുള്ള എതിരാളികളോട് മത്സരിക്കാന്‍ ഇവിടെ സനല്‍ സ്‌കറിയ ഉണ്ടായിരുന്നു. പക്ഷെ, അവസാന റൗണ്ടില്‍ നില മെച്ചപ്പെടുത്താനാകാത്ത സനല്‍ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. പഞ്ചാബിന്റെ ഹര്‍പ്രീത് സിങ്ങിന് സ്വര്‍ണം.
15.09 മീറ്റര്‍ ചാടിയാണ് സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഈപ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. പഞ്ചാബ് എസ്ഡിപി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഹര്‍പ്രീത് പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ മീറ്റില്‍ ഈ വിഭാഗത്തില്‍ സില്‍വര്‍ മെഡല്‍ നേടിയിട്ടുണ്ട്. തന്റെ റെക്കോഡ് നേട്ടം 15.20 ആണെങ്കിലും ആ നിലയിലേക്കെത്താന്‍ ഇന്നലെ കഴിഞ്ഞില്ല. എസ്.എസ് പന്നുവാണ് പരിശീലകന്‍.
കേരളത്തിന്റെ സനല്‍ 14.98 മീറ്ററാണ് ചാടിയത്. പാലക്കാട് കല്ലടി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. 2014 ല്‍ യൂത്ത് ഏഷ്യ മീറ്റില്‍ പങ്കെടുത്തിട്ടുണ്ട്. ഹൈജംപാണ് സനലിന് ഇഷ്ടം. പക്ഷെ, കാല്‍മുട്ടിന് പരിക്ക് പറ്റിയതിന്നാല്‍ കഴിഞ്ഞ കൊല്ലം മുതല്‍ ലോങ് ജംപിലേക്ക് മാറി. ഹൈജംപില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വെങ്കലം നേടിയിട്ടുണ്ട്. മികച്ച പരിശീലനം നടത്തി നിലമെച്ചപ്പെടുകയാണ് സനലിന്റെ ലക്ഷ്യം. അച്ഛന്‍ സ്‌കറിയ കരാറുകാരനാണ്. അമ്മ: ജിന്‍ഷ. രാജസ്ഥാനില്‍ നിന്നുള്ള അഷു്‌തോഷ് ചൗഹാനാണ് വെങ്കലമെഡല്‍. 14.94 മീറ്ററാണ് ചാടിയത്.
















