കോഴിക്കോട്: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്നലെ പിറവിയെടുത്തത് അഞ്ച് പുതിയ റെക്കോഡുകള്‍. പാലാ ഭരണങ്ങാനം സെന്റ് മേരീസിലെ എന്‍.പി. സംഗീതയാണ് ഇന്നലത്തെ റെക്കോര്‍ഡിന് അവകാശിയായ ഏക മലയാളി. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ 1.69 മീറ്റര്‍ മറികടന്നാണ് സംഗീത റെക്കോഡിട്ടത്. 2009 കൊച്ചി മീറ്റില്‍ തമിഴ്‌നാടിന്റെ കലാനന്ദി സ്ഥാപിച്ച 1.68 മീറ്ററാണ് ഇതോടെ പഴങ്കഥയായത്.
സംഗീതക്കൊപ്പം ദല്‍ഹിയുടെ വാന്‍ഷിക സേജ്‌വാളും സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.69 മീറ്റര്‍ ഉയരം മറികടന്ന് റെക്കോഡിന് അവകാശിയായി. റെക്കോഡ് കുറിച്ചെങ്കിലും നിര്‍ഭാഗ്യം കൊണ്ട് സംഗീതയ്‌ക്ക് വെള്ളി മെഡലില്‍ ഒതുങ്ങേണ്ടിവന്നു. സംഗീതയും വാന്‍ഷികയും 1.69 മീറ്റര്‍ മറികടന്നെങ്കിലും 1.70 മീറ്റര്‍ മറികടക്കാനുള്ള ശ്രമത്തില്‍ രണ്ടുപേരും പരാജയപ്പെട്ടു. 1.69 മീറ്റര്‍ ആദ്യചാന്‍സില്‍ മറികടന്ന വാന്‍ഷിക സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ സ്വര്‍ണത്തിന് അവകാശിയായി.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ ദല്‍ഹിയുടെ ദേവേഷ് (6.62 മീറ്റര്‍), സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ ബംഹാനെ തായ്(ഒരുമിനിറ്റ് 34.11 സെക്കന്‍ഡ്), ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ദല്‍ഹിയുടെ ഹര്‍ഷിതാ ഷെരാവത്ത് (46.35 മീറ്റര്‍), കേന്ദ്രീയ വിദ്യാലയ സംഘടന്റെ എം. മേധയും (37.76 മീറ്റര്‍) എന്നിവരാണ് ഇന്നലത്തെ മറ്റു റെക്കോഡ് നേട്ടക്കാര്‍.
















