കോഴിക്കോട്: ഹര്‍ഷിതക്കിത് കുട്ടിക്കളിയാണ്. ഹാമറില്‍ റെക്കോഡോടെ സ്വര്‍ണം നേടിയതിന്റെ ഒട്ടും ഗൗരവമേയില്ല. അല്ലെങ്കില്‍ ഈ പതിനാലുകാരിക്ക് എല്ലാം അച്ഛനാണ്. അദ്ദേഹത്തോട് പറ്റിച്ചേര്‍ന്നിരിക്കും. ചോദ്യങ്ങളെല്ലാം അച്ഛന് വിട്ട്‌കൊടുത്ത് സദാ ചിരിച്ച് നടക്കുന്ന കുസൃതിക്കാരി. ജൂനിയര്‍ ഗേള്‍സ് നാല് കിലോ വിഭാഗം ഹാമര്‍ ത്രോയില്‍ 46.35 ദൂരം എറിഞ്ഞാണ് ദല്‍ഹി സ്വദേശിയായ ഹര്‍ഷിത ഷെരാവത് ദേശീയ റെക്കോഡിട്ടത്. ശാന്തി ഗ്യാന്‍ നികേതന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹര്‍ഷിത, 2014 ല്‍ മന്‍പ്രീത് കൗറിന്റെ 37.70 മീറ്റര്‍ ദൂരമാണ് ഭേദിച്ചത്.
എതിരാളി ഹര്‍ഷിതക്ക് പ്രശ്‌നമേയല്ലായിരുന്നു. രണ്ടാംസ്ഥാനത്തെത്തിയ കേന്ദ്രീയ വിദ്യാലയ സംഘേതന്റെ എം. മേധ എറിഞ്ഞ ദൂരം 37.76 മീറ്റര്‍. ഹാമര്‍ ത്രോയില്‍ ദേശീയ മത്സരത്തിന് ഹര്‍ഷിത എത്തുന്നത് രണ്ടാം തവണ. കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനത്തായിരുന്നു. ഷോര്‍ട്ട്പുട്ടില്‍ നേരത്തെ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനമുണ്ടായിരുന്നു. രണ്ട് വര്‍ഷത്തെ പരിശീലനം കൊണ്ടാണ് ഹര്‍ഷിത ഇപ്പോഴത്തെ ഈ നേട്ടം ഉണ്ടാക്കിയത്. ദല്‍ഹിയിലെ സതീന്ദ്രയാദവാണ് പരിശീലകന്‍.
പരിശീലനത്തിലും മത്സരത്തിന് പോകുന്നതിനുമെല്ലാം മുന്നിട്ടിറങ്ങുന്നതും പ്രോത്സാഹിപ്പിക്കുന്നതും അച്ഛന്‍ റിനുസ്വേഥ് ആണ്. മൂന്ന് വര്‍ഷമായി അദ്ദേഹം ജോലി പോലും മാറ്റി വെച്ച് മകളുടെ കഴിവ് വളര്‍ത്തുകയാണ്. അമ്മ: സുനിത ഷെരാവത്ത്. സ്‌പോര്‍ട്‌സില്‍ കമ്പമുള്ള ആളാണ്. പലദേശീയ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ഹര്‍ഷിതയെ ഒളിമ്പിക്‌സില്‍ പങ്കെടുപ്പിക്കുകയാണ് അച്ഛന്‍ റിനുവിന്റെ സ്വപ്‌നം. അച്ഛന്റെ ഈ ആഗ്രഹം സാധിച്ച് കൊടുക്കുമെന്ന് കുസൃതി ചിരിയോടെ ഹര്‍ഷിത ഉറപ്പ് നല്‍കുന്നു. ദല്‍ഹിക്ക് പുറമെ അയല്‍ സംസ്ഥാനങ്ങളിലും പോയി ഇതിനായി മെച്ചപ്പെട്ട പരിശീലനം നേടുകയാണ് ഈ മിടുക്കി.
















